ബ്രസൽസ് - ആംസ്റ്റർഡാം യൂറോ സ്റ്റാർ ട്രെയിൻ സർവീസ് ആരംഭിച്ചു
Friday, February 23, 2018 11:29 PM IST
ഫ്രാങ്ക്ഫർട്ട്: ലണ്ടനിൽനിന്ന് നെതർലൻഡ്സിന്‍റെ തലസ്ഥാനമായ ആംസ്റ്റർഡാമിലേക്ക് പുതിയ യൂറോ സ്റ്റാർ ട്രെയിൻ സർവീസ് ആരംഭിച്ചു. മൂന്നര മണിക്കൂർ കൊണ്ട് ആംസ്റ്റർഡാമിലെത്താൻ സഹായിക്കുന്ന അതിവേഗ സർവീസിന് ടിക്കറ്റ് നിരക്ക് ഇന്ത്യൻ രൂപയിൽ 3500 രൂപ മാത്രമാണ്. പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ച യൂറോസ്റ്റാർ, ഏപ്രിൽ നാലു മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

ഇതുവരെ ലണ്ടനിൽ നിന്നും ബ്രസൽസിൽ ഇറങ്ങി ട്രെയിൻ മാറിക്കയറി ആംസ്റ്റർഡാമിലേക്ക് പോവുകയെന്ന മുഷിപ്പൻ യാത്ര ഇനി വേണ്ടെന്നതാണ് യൂറോ സ്റ്റാർ വരുന്നതോടെയുള്ള പ്രധാന മാറ്റം. ലണ്ടൻ സെന്‍റ് പാൻക്രാസിൽനിന്നാണ് സർവീസ് ആരംഭിക്കുന്നത്. ദിവസം രണ്ട് ട്രെയിനുകളാണ് സർവീസ് നടത്തുക. ആദ്യത്തേത് രാവിലെ 8.31നും രണ്ടാമത്തേത് വൈകിട്ട് 5.31നും ആംസ്റ്റർഡാമിലേക്ക് പുറപ്പെടും.

പുതിയ ട്രെയിനിന്‍റെ ഉദ്ഘാടന സർവീസ് ലണ്ടനിൽ നിന്നും ഒരു മണിക്കൂർ 45 മിനിറ്റുകൊണ്ട് ആംസ്റ്റർഡാമിലെത്തി. ലണ്ടനിൽ നിന്നും റോട്ടർഡാം വഴി ആംസ്റ്റർഡാമിലെത്താൻ 3 മണിക്കൂർ 46 മിനിറ്റ് ആണ് വേണ്ടിയിരുന്നത്. ഈ ട്രെയിൻ യാത്രയിൽ ലഘുഭക്ഷണവും മദ്യവും ലഭിക്കും. വ്യോമയാത്രയിൽ വേണ്ടി വരുന്ന ചെക്ക് ഇൻ, സുരക്ഷാ പരിശോധനകൾക്കുവേണ്ടി വരുന്ന സമയത്തേക്കാൾ കുറവാണ് ഈ യൂറോ സ്റ്റാർ ട്രെയിൻ സർവീസ് യാത്ര.

റിപ്പോർട്ട്: ജോർജ് ജോണ്‍