വാർത്താസ്രോതസുകളുടെ വിശ്വാസ്യത; ഫെയ്സ്ബുക്ക് സർവേ വിവരങ്ങൾ ഉപയോഗിക്കും
Saturday, January 20, 2018 9:43 PM IST
ബർലിൻ: വ്യാജ വാർത്തകൾക്കെതിരായ കൂടുതൽ നടപടികളുമായി ഫെയ്സ്ബുക്ക് രംഗത്ത്. ഇത്തരം വാർത്തകൾ പ്രചരിക്കുന്നതു തടയാൻ വാർത്തകളുടെ സ്രോതസുകൾക്ക് മുൻഗണനാക്രമം നിശ്ചയിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചു.

സർവേയിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വാർത്താ സ്രോതസുകളുടെ വിശ്വാസ്യത നിശ്ചയിച്ച് മുൻഗണനാക്രമം തയാറാക്കുക. ഇതുവഴി സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് ഓരോ വാർത്തയുടെ വിശ്വാസ്യതയെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കുമെന്നും ഫെയ്സ്ബുക്ക് സ്ഥാപകനും ചീഫ് എക്സിക്യൂട്ടിവുമായ മാർക്ക സുക്കർബർഗ് പറയുന്നു.

ഫെയ്സ്ബുക്ക് ന്യൂസ്ഫീഡിൽ വരുന്ന കാര്യങ്ങളിൽ നാലു ശതമാനമേ ഇനി വാർത്തകളുണ്ടാകൂ എന്നും സുക്കർബർഗ് അറിയിച്ചു. ഇപ്പോഴിത് അഞ്ച് ശതമാനമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ