മാർട്ടിൻ ഷുൾസ് എസ്പിഡി അധ്യക്ഷൻ
Friday, December 8, 2017 1:53 PM IST
ബെർലിൻ: ജർമനിയിലെ സോഷ്യലിസ്റ്റ് ഡമോക്രാറ്റിക് പാർട്ടി (എസ്പിഡി) യുടെ അധ്യക്ഷനായി മാർട്ടിൻ ഷുൾസ് (61) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച ബെർലിനിൽ കൂടിയ പാർട്ടി യോഗത്തിലാണ് ഷുൾസ് തെരഞ്ഞെടുക്കപ്പെട്ടത്. ഷുൾസിന് 81.9 ശതമാനം വോട്ടു ലഭിച്ചു. ഇക്കഴിഞ്ഞ മാർച്ചിൽ ഷുൾസിനെ പാർട്ടി താത്കാലിക പ്രസിഡന്‍റായി തെരഞ്ഞെടുത്തിരുന്നു.

സെപ്റ്റംബർ 24 ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ചാൻസലർ ആംഗല മെർക്കലിനെതിരെ പാർട്ടിയുടെ ചാൻസലർ സ്ഥാനാർഥിയായി ഷുൾസ് മൽസരിച്ചെങ്കിലും പാർട്ടിയും ഷുൾസും പരാജയം ഏറ്റുവാങ്ങി. 21 ശതമാനം വോട്ടുമാത്രമാണ് പാർട്ടിക്ക് ലഭിച്ചത്.

യൂറോപ്യൻ യൂണിയൻ പാർലമെന്‍റ് പ്രസിഡന്‍റ് പദവി രാജിവച്ചശേഷമാണ് ഷുൾസ് ജർമൻ രാഷ്ട്രിയത്തിൽ ഇറങ്ങിയത്. 150 വർഷം പഴക്കുള്ള പാർട്ടിയാണ് എസ്പിഡി.

മെർക്കലിന്‍റെ കാവൽ മന്ത്രിസഭയിൽ കൂട്ടുകക്ഷിയായ എസ്പിഡി തെരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം പ്രതിപക്ഷത്തിരിക്കാൻ ആഗ്രഹിച്ചെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് രണ്ടര മാസം കഴിഞ്ഞിട്ടും മെർക്കലിന് ഒരു കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഫെഡറൽ സംവിധാനത്തിൽ പ്രസിഡന്‍റിന്‍റെ അധികാരമുപയോഗിച്ച് പ്രസിഡന്‍റിന്‍റെ അഭ്യർഥനപ്രകാരം എസ്പിഡിയോട് മെർക്കലുമായി കൂട്ടുചേർന്ന് പുതിയ സർക്കാർ രൂപീകരിക്കാൻ അഭ്യർഥിച്ചതിന്‍റെ അടിസ്ഥാനത്തിൽ മെർക്കലിന്‍റെ സിഡിയുവും എസ്പിഡിയും തമ്മിൽ ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. ചർച്ചകളിൽ സമവായം കണ്ടെത്തിയാൽ പുതിയ സർക്കാർ അടുത്ത ജനുവരിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അല്ലാത്തപക്ഷം ജർമനി വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ