പാപങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നതല്ല ദൈവത്തോട് ചേർന്നിരിക്കുന്നതാണ് മാനസാന്തരം: മാർ സ്രാന്പിക്കൽ
Thursday, November 23, 2017 1:53 PM IST
സ്റ്റീവനേജ്: പാപങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നതല്ല ദൈവത്തോട് ചേർന്നിരിക്കുന്നതാണ് മാനസാന്തരം.”വിശ്വാസികളായ സഭാ മക്കൾ തങ്ങൾ ക്രിസ്തുവിനു സാക്ഷികളായി തങ്ങളുടെ ജീവിതങ്ങളെ നയിക്കണം മാർ ജോസഫ് സ്രാന്പിക്കൽ. സ്റ്റീവനേജ് സെന്‍റ് ജോസഫ്സ് ഇടവകയിൽ നടന്ന തിരുനാൾ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

തന്‍റെ പ്രിയപ്പെട്ടവർക്ക് ദൈവം നൽകുന്ന ഏറ്റവും വലിയ ദാനം ആണ് മക്കളെന്നും അവരെ ദൈവത്തിനിഷ്ടപ്പെടുന്ന രൂപത്തിൽ വളർത്തുകയും നയിക്കുകയും ചെയ്യുന്നത് ദൈവത്തോടുള്ള നമ്മുടെ കടമയാണ്. ബൈബിളിലെ ദേവാലയ ശുദ്ധീകരണം എന്ന സംഭവുമായി ബന്ധപ്പെട്ടു നടത്തിയ തന്‍റെ സന്ദേശത്തിൽ “ഏവരും ദൈവം കുടിയിരിക്കുന്ന സദാ യോഗ്യമായ ദേവാലയങ്ങളായിരിക്കുവാൻ ജാഗരൂകയായിരിക്കണമെന്നും മാർ സ്രാന്പിക്കൽ കൂട്ടിചേർത്തു.

ഉച്ചയോടെ സ്റ്റീവനേജ് സെന്‍റ് ജോസഫ്സ് പാരീഷിൽ എത്തിച്ചേർന്ന മാർ സ്രാന്പിക്കലിനെ വെസ്റ്റ്മിനിസ്റ്റർ ചാപ്ലിനും പാരീഷ് പ്രീസ്റ്റ് ഇൻ ചാർജുമായ ഫാ. സെബാസ്റ്റ്യൻ ചാമക്കാലായുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ട്രസ്റ്റി അപ്പച്ചൻ കണ്ണഞ്ചിറ കമ്യുണിറ്റിക്കുവേണ്ടി ബൊക്കെ നൽകി. ഫാ.സോണി കടന്തോട്, സ്റ്റീവനേജ് പാരീഷുകളുടെ വികാരി ഫാ. മൈക്കിൾ, സെന്‍റ് ജോസഫ്സ് പാരീഷ് പ്രീസ്റ്റ് ഫാ. ബ്രയാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

തുടർന്നു തിരുനാളിന് തുടക്കം കുറിച്ച് മാർ സ്രാന്പിക്കൽ കൊടിയേറ്റ് കർമം നിർവഹിച്ചു. വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ ആശീർവദിച്ച പിതാവ് പ്രസുദേന്തിമാരായ മുഴുവൻ കമ്യുണിറ്റിയെയും വാഴിച്ച ശേഷം ആഘോഷമായ തിരുനാൾ കുർബാനക്ക് കാർമികത്വം വഹിച്ചു. ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാൻസുവ പത്തിൽ, സോണി കടന്തോട് എന്നിവർ സഹകാർമികരായിരുന്നു. ഗാന ശുശ്രൂഷക്ക് ബോബൻ സെബാസ്റ്റ്യൻ, ജോർജ് മണിയാങ്കേരി, ജീനാ അനി എന്നിവർ നേതൃത്വം നൽകി. തുടർന്നു പ്രദക്ഷിണവും സമാപന ആശിർവാദവും നടന്നു. സ്നേഹവിരുന്നോടെ തിരുനാളിന്‍റെ ചടങ്ങുകൾ സമാപിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ, ജിമ്മി ജോർജ്, സിജോ ജോസ്, റോയീസ് ജോർജ് ജോയി ഇരുന്പൻ, സൂസൻ ജോഷി, ആനി ജോണി എന്നിവർ നേതൃത്വം നൽകി.