ന്യൂനപക്ഷ സർക്കാരിനെക്കാൾ ഭേദം പുതിയ തെരഞ്ഞെടുപ്പ്: മെർക്കൽ
Tuesday, November 21, 2017 11:11 AM IST
ബെർലിൻ: ന്യൂനപക്ഷ സർക്കാർ രൂപീകരിക്കുന്നതിലും ഭേദം വീണ്ടും പൊതു തെരഞ്ഞെടുപ്പ് നടത്തുന്നതായിരിക്കുമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ. എന്നാൽ, അങ്ങനെയൊരു സർക്കാർ രൂപീകരണത്തിനുള്ള സാധ്യത അവർ പൂർണമായി തള്ളിക്കളയുന്നുമില്ല.

വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയാൽ പാർട്ടിയെ നയിക്കുക താൻ തന്നെയാകുമെന്ന കാര്യത്തിലും അവർ ഉറപ്പു പറഞ്ഞില്ല. നേരത്തെ, നാലാം തവണയും ചാൻസലറായി മത്സരിക്കാൻ താനുണ്ടാവുമെന്ന് അവർ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ, ആ തെരഞ്ഞെടുപ്പ് പിന്നിട്ടിരിക്കുന്നു എന്നും ഇനി നടത്തിയാൽ അതു പുതിയ തെരഞ്ഞെടുപ്പായിരിക്കുമെന്നുമാണ് എആർഡിക്കു നൽകിയ അഭിമുഖത്തിൽ മെർക്കൽ പറഞ്ഞത്.

എഫ്ഡിപി ചർച്ചകളിൽനിന്നു പിൻമാറിയതിനെ പരോക്ഷമായി വിമർശിക്കാനും മെർക്കൽ തയാറായി. ഗ്രീൻ പാർട്ടി നന്നായി സഹകരിച്ചെന്നും അവരുമായുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായിരുന്നതായും മെർക്കൽ പറഞ്ഞു. എഫ്ഡിപിയുമായുള്ള ചർച്ചകൾ വിജയിക്കാത്തത് ഖേദകരമാണ്. അതുകാരണം രാജ്യത്ത് ഉടലെടുത്ത പ്രതിസന്ധിയും ഖേദകരമാണ്. എന്നാൽ, രാജ്യം സുസ്ഥിരമാണെന്നും അവർ പറഞ്ഞു.

മെർക്കലിന്‍റെ സിഡിയുവിന് 246 സീറ്റും സഖ്യകക്ഷിയായി നിൽക്കുന്ന ഗ്രീൻ പാർട്ടിക്ക് 67 സീറ്റുമാണുള്ളത്. ആകെ 709 അംഗബലമുള്ള പാർലമെന്‍റിൽ ഇരുകക്ഷികളും കൂടി ഭരണത്തിലെത്തിയാൽ ന്യൂനപക്ഷസർക്കാരാവും ഉണ്ടാവുക. ഇത് മെർക്കലിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ സ്വീകാര്യമല്ലതാനും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ