ജുഡീഷറി പരിഷ്കരണത്തിനെതിരേ പോളണ്ടിൽ വൻ പ്രതിഷേധം
Monday, July 17, 2017 8:14 AM IST
വാഴ്സ: ജുഡീഷറിയിൽ നടപ്പാക്കാൻ പോകുന്ന വൻകിട പരിഷ്കരണങ്ങൾക്കെതിരേ പോളിഷ് ജനതയുടെ പ്രതിഷേധം. തലസ്ഥാനമായ വാഴ്സ അടക്കം പ്രധാന നഗരങ്ങളിലെല്ലാം വൻ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കപ്പെട്ടു.

സെനറ്റ് പാസാക്കിക്കഴിഞ്ഞ ബിൽ ജഡ്ജിമാരുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുമെന്നും ജനാധിപത്യത്തെ അപകടത്തിലാക്കുമെന്നും വിമർശകർ ആരോപിക്കുന്നു. ജുഡീഷൽ വൃത്തങ്ങളോട് ആലോചിക്കാതെ എംപിമാർക്കും ജസ്റ്റീസ് മിനിസ്റ്റർക്കും ജഡ്ജിമാരെ നിയമിക്കാൻ അനുവാദം നൽകുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഇതാണ് വിവാദമായിരിക്കുന്നത്.

എന്നാൽ, ജുഡീഷറിയിലെ അഴിമതി ഇല്ലാതാക്കാനാണ് ഇങ്ങനെയൊരു വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സർക്കാർ വാദിക്കുന്നു. സന്പന്ന വർഗത്തെ മാത്രമാണ് നിയമ സംവിധാനം ഇപ്പോൾ സഹായിക്കുന്നതെന്നും ഇതിനു മാറ്റം വരുത്തി, നിയമത്തിനു മുന്നിൽ എല്ലാവർക്കും തുല്യത ഉറപ്പാക്കാനാണ് ശ്രമമെന്നും സർക്കാർ പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ