ഭീകരവിരുദ്ധ നിയമങ്ങൾ ശക്തമാക്കാൻ സ്വിറ്റ്സർലൻഡ്
Friday, June 23, 2017 8:10 AM IST
ജനീവ: ഭീകരവിരുദ്ധ നിയമങ്ങൾ കൂടുതൽ കർക്കശമാക്കാനുള്ള നടപടികളുമായി സ്വിറ്റ്സർലൻഡ് സർക്കാർ മുന്നോട്ട്. ഇതിന്‍റെ ഭാഗമായി തയാറാക്കിയ കരട് നിർദേശങ്ങൾ ഇപ്പോൾ പൊതുജനാഭിപ്രായമറിയാൻ പുറത്തുവിട്ടിരിക്കുകയാണ്.

ഭീകരവാദികൾക്കും ഭീകര സംഘടനകളെ സഹായിക്കുന്നവർക്കും ചുമത്തുന്ന പിഴ വൻതോതിൽ വർധിപ്പിക്കുന്നത് അടക്കമുള്ള നിർദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഭീകരരെ റിക്രൂട്ട് ചെയ്യുന്നതും പരിശീലിപ്പിക്കുന്നതും കർശനമായി തടയുകയാണ് ലക്ഷ്യം. ജിഹാദി ടൂറിസം എന്ന പുതിയ പ്രവണതയ്ക്ക് അന്ത്യം കുറിക്കാനും നിയമ ഭേദഗതി ലക്ഷ്യമിടുന്നു.

അൽ ക്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും അടക്കമുള്ള ഭീകര സംഘടനകളെ നിലവിലുള്ള നിയമം അനുസരിച്ച് താത്കാലികമായി മാത്രമേ നിരോധിക്കാൻ കഴിയൂ. ഇതിനു പകരം കൂടുതൽ വ്യക്തമായ നിയമ വ്യവസ്ഥകളാണ് ഉദ്ദേശിക്കുന്നത്. ഇതനുസരിച്ച് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതും തീവ്രവാദ പരിശീലനം നേടുന്നതും തീവ്രവാദ പ്രവർത്തനത്തിനു വിദേശ യാത്ര നടത്തുന്നതും ക്രിമിനൽ കുറ്റകൃത്യങ്ങളാകും.

തീവ്രവാദത്തിനു സഹായം നൽകുന്നവർക്ക് അഞ്ച് വർഷമാണ് ഇപ്പോഴത്തെ പരമാവധി ശിക്ഷാ കാലാവധി. ഇതു പത്തു വർഷമാക്കാനും ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. സംഘടനകൾക്കു നേതൃത്വം നൽകുന്നവർക്ക് ഇത് ഇരുപതു വർഷം വരെയാകും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ