യുക്മ വെയിൽസ് റീജിയണൽ കായികമേളയ്ക്ക് ആവേശകരമായ പരിസമാപ്തി; എസ്എംഎ ചാന്പ്യന്മാർ
Monday, June 19, 2017 7:01 AM IST
ലണ്ടൻ: യുക്മ വെയിൽസ് റീജിയണൽ കായികമേളയ്ക്ക് ആവേശോജ്ജ്വലമായ സമാപനം. യുക്മ വെയിൽസ് റീജിയനിൽ ഉൾപ്പെടുന്ന എല്ലാ അസോസിയേഷനുകളിൽ നിന്നുമായി നിരവധി കായിക താരങ്ങൾ പങ്കെടുത്ത റീജിയണൽ കായികമേള ഈ വർഷം യുക്മ നടത്തിയ റീജിയണൽ കായികമേളകളിൽ ഏറ്റവും മികച്ചതായിരുന്നു. പങ്കെടുത്തവരുടെ എണ്ണം കൊണ്ടും സംഘാടക മികവു കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട കായികമേള എന്നും ഓർമ്മയിൽ നിലനിൽക്കുന്ന ഒന്നായിരുന്നു. റീജിയണിലെ ശക്തരായ അസോസിയേഷനായ സ്വാൻസി മലയാളി അസോസിയേഷന്‍റെ ആതിഥേയത്വത്തിലായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് രജിസ്ട്രേഷനോട് കൂടിയായിരുന്നു കായികമേളയ്ക്ക് തുടക്കം കുറിച്ചത്. തുടർന്നു കായികമേളയുടെ ഉദ്ഘാടനം നടന്നു. യുക്മ വെയിൽസ് റീജിയണൽ പ്രസിഡന്‍റ് ബിനു കുര്യാക്കോസിന്‍റെ അധ്യക്ഷതയിൽ സ്വാൻസി മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ബിജു മാത്യു കായികമേള ഫ്ലാഗ് ഓഫ് ചെയ്തു. റീജിയണൽ സെക്രട്ടറി സെബാസ്റ്റ്യൻ ജോസഫ് ഏവർക്കും സ്വാഗതം ആശംസിച്ചു. യുക്മ മുൻ നാഷണൽ ജോയിന്‍റ് സെക്രട്ടറി ബിജു തോമസ് പന്നിവേലിൽ ആശംസകൾ അർപ്പിച്ചു. റീജിയണൽ ഭാരവാഹികളായ സിബി ജോസഫ് പറപ്പള്ളി, ജയകുമാർ ബാലകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

മത്സര സജ്ജരായി ഒരുങ്ങി വന്ന കായിക താരങ്ങൾ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ തീരുമാനിച്ച് അണിനിരന്നപ്പോൾ ഓരോ മത്സരവും അത്യന്തം വീറും വാശിയും നിറഞ്ഞതായി. കാണികളുടെ നിർലോഭമായ പ്രോത്സാഹനം കൂടിയായപ്പോൾ മത്സരങ്ങൾ ആവേശഭരിതമായി. ട്രാക്ക് ഇനങ്ങളിലെ മത്സരങ്ങളുടെ ശേഷം നടന്ന വടംവലി മത്സരം റീജിയണിലെ കരുത്തന്മാരുടെ പ്രകടനത്തിന്‍റെ നേർക്കാഴ്ചയായി മാറി. വടംവലിയിൽ ആതിഥേയ അസോസിയേഷനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ട്രോഫി കരസ്ഥമാക്കിയത് കാർഡിഫ് മലയാളി അസോസിയേഷനാണ്.

സ്വാൻസി മലയാളി അസോസിയേഷൻ നൽകിയ മികച്ച ആതിഥ്യം കായികമേളയുടെ മറ്റൊരു സവിശേഷതയായി മാറി. ചരിത്രത്തിലാദ്യമായി ഒരു റീജിയണൽ കായികമേളയിൽ പങ്കെടുത്ത മുഴുവനാളുകൾക്കും സൗജന്യ ഭക്ഷണം ഒരുക്കി നൽകുക വഴി ആതിഥ്യമര്യാദയുടെ അവസാന വാക്കായി സ്വാൻസി മലയാളി അസോസിയേഷൻ മാറുകയുണ്ടായി.
||
മത്സരത്തിൽ ഏറ്റവുമധികം പോയിൻറുകൾ കരസ്ഥമാക്കി സ്വാൻസി മലയാളി അസോസിയേഷൻ ഓവറോൾ ചാന്പ്യൻഷിപ്പ് കരസ്ഥമാക്കിയപ്പോൾ ശക്തമായ മത്സരം കാഴ്ച വച്ച കാർഡിഫ് മലയാളി അസോസിയേഷൻ കേവലം മൂന്ന് പോയിൻറ് വ്യത്യാസത്തിൽ ആണ് റണ്ണേഴ്സ് അപ്പ് ആയി മാറിയത്. വെസ്റ്റ് വെയിൽസ് മലയാളി അസോസിയേഷനാണ് മൂന്നാം സ്ഥാനം. മെൽവിൻ ജോണ്‍ (എസ്എംഎ), ഫിയ പോൾ (സി എം എ), ജോഷ്വ ബോബി (സിഎംഎ), മരിയ ടോമി (എസ്എംഎ), ജിയോ റെജി (എസ്എംഎ), ലൗബി ബിനോജി (എസ്എംഎ), ജസ്റ്റിൻ (സിഎംഎ), ബിജു പോൾ (സിഎംഎ), സിസി വിൻസെന്‍റ് എന്നിവർ വിവിധ വിഭാഗങ്ങളിൽ വ്യക്തിഗത ചാന്പ്യ·ാർ ആയി.

റീജിയണൽ മത്സരത്തിലെ വിജയികൾക്ക് ജൂണ്‍ 24ന് മിഡ്ലാൻഡ്സിൽ നടക്കുന്ന നാഷണൽ കായികമേളയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ട്. എല്ലാ വിജയികൾക്കും ട്രോഫിയും മെഡലുകളും വിതരണം ചെയ്തതോടെ അത്യന്തം മനോഹരമായ ഒരു കായികമേളയ്ക്ക് സമാപനം കുറിച്ചു. ബിജു മാത്യു, ജേക്കബ് ജോണ്‍, ജിജി ജോർജ്ജ്, ലിസി റെജി, സിബി ജോസഫ്, ജയൻ ബാലകൃഷ്ണൻ തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു. കായികമേളയെ ഒരു വൻ വിജയമാക്കി തീർക്കാൻ ശ്രമിച്ച എല്ലാവർക്കും നന്ദി പ്രകടിപ്പിക്കുന്നതായി റീജിയണൽ ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ബിൻസു ജോണ്‍