ബ്രോംലി പാരീഷംഗങ്ങളുടെ റോം അസീസി തീർത്ഥാടനം അനുഗ്രഹദായകമായി
Monday, June 19, 2017 6:57 AM IST
ബ്രോംലി: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ലണ്ടനിലെ പ്രമുഖ കുർബ്ബാന കേന്ദ്രങ്ങളിലൊന്നായ ബ്രോംലി സെന്‍ററിലെ പാരീഷംഗങ്ങൾ സംഘടിപ്പിച്ച റോംഅസീസി തീർത്ഥാടനം തങ്ങളുടെ വിശ്വാസത്തിലും, ആൽമീയതയിലും ഉൗർജ്ജവും, പോഷണവും പകരുന്നവയും അനുഗ്രഹദായകവുമായി. റോം, കൊളോസിയം, കാറ്റകൊംബ്, സ്കാല സാന്‍റ, അസീസി തുടങ്ങിയ പ്രമുഖ തീർത്ഥാടക കേന്ദ്രങ്ങൾ സന്ദർശിച്ച ബ്രോംലി കുടുംബാംഗങ്ങൾക്ക് ഓരോരോ തീർത്ഥാടക കേന്ദ്രങ്ങളിലും ദിവ്യബലികളിലും പ്രാർത്ഥനകളിലും പങ്കു ചേരുവാനുള്ള അവസരങ്ങളും ലഭിച്ചിരുന്നു.

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഫ്രാൻസീസ് മാർപാപ്പയെ നേരിൽകാണുന്നതിനും അനുഗ്രഹം തേടുന്നതിനും മഹാ ഭാഗ്യം ലഭിച്ച ബ്രോംലി തീർത്ഥാടകർക്ക്, ആഗോള കത്തോലിക്കാ സഭയുടെ കേന്ദ്രവും വിശുദ്ധ പത്രോസ് ശ്ലീഹായുടെ കബറിടം സ്ഥിതി ചെയ്യുന്നതുമായ സെന്‍റ പീറ്റേഴ്സ് ബസിലിക്കായിൽ മലയാളത്തിൽ വിശുദ്ധ ബലി അർപ്പിക്കുവാനും സാധിക്കുകയുണ്ടായി.

റോമൻ സിറ്റിക്ക് പുറത്തു സ്ഥിതി ചെയ്യുന്ന വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ കബറിടം സ്ഥിതി ചെയ്യുന്ന സെന്‍റ് പോൾസ് ബസിലിക്കയിൽ വിശുദ്ധ ബലിയിൽ പങ്കുചേരുവാനും തീർത്ഥാടകർക്ക് അനുഗ്രഹീത അവസരം ലഭിക്കുകയും ചെയ്തു.
||
വിശുദ്ധരുടെ വിശുദ്ധനെന്നും, രണ്ടാം ക്രിസ്തുവെന്നും വിളിക്കപ്പെടുന്ന വി. ഫ്രാൻസീസ് അസീസി ജനിച്ചുവളർന്ന അസീസി സന്ദർശിക്കുകയും, കുരിശിൽ കിടന്നുകൊണ്ട് ഒരു കൈ തോളിൽ ചാർത്തി ക്രിസ്തു സ്നേഹം പങ്കിട്ടിരുന്ന വിശുദ്ധന്‍റെ പ്രസിദ്ധമായ പ്രാർത്ഥനായിടമായ ചാപ്പലിൽ മലയാളത്തിൽ പരിശുദ്ധ കുർബാന അർപ്പിക്കുവാനുള്ള മഹാനുഗ്രഹ അവസരവും ബ്രോംലി തീർത്ഥാടക സംഘത്തിന് ലഭിക്കുകയുണ്ടായി. വിശുദ്ധന്‍റെ കബറിടം സ്ഥിതി ചെയ്യുന്ന പള്ളി സന്ദർശിക്കുകയും അതുപോലെ വിശുദ്ധ ഫ്രാൻസിസ് അസീസിയുമായി ബന്ധപ്പെട്ട മറ്റു പള്ളികൾ സന്ദർശിക്കുവാനും പ്രാർത്ഥനകൾ നടത്തുവാനും സാധിച്ചത് ബ്രോംലിക്കാർക്ക് അനുഗ്രഹദായകമായി.

അഭി.മാർ ജോസഫ് സ്രാന്പിക്കൽ പിതാവിന്‍റെ ഇടയ സന്ദർശനത്തിനു ശേഷം കുർബ്ബാന കേന്ദ്രത്തിന്‍റെ പ്രവർത്തനങ്ങൾക്കു പുതിയ ചൈതന്യവും ദിശാബോധവും കൈവന്നിരിക്കവെയാണ് പാരീഷംഗങ്ങൾ മുന്നിട്ടിറങ്ങി ഈ തീർത്ഥാടനം ഒരുക്കിയത്.

2017 ജൂലൈ 15 ശനിയാഴ്ച ഭക്തിനിർഭരമായി ആഘോഷിക്കുവാനിരിക്കുന്ന ഭാരത അപ്പസ്തോലൻ വിശുദ്ധ തോമാശ്ളീഹായുടെയും,വിശുദ്ധരായ ചാവറ പിതാവിന്‍റെയും, അൽഫോൻസാമ്മയുടെയും, എവുപ്രാസ്യമ്മയുടെയും സംയുക്ത തിരുന്നാളിന്‍റെ ആല്മീയ ഒരുക്കങ്ങളുടെ ആരംഭമായാണ് ബ്രോംലി പരീഷംഗങ്ങൾ നേതൃത്വമെടുത്ത് ഈ തീർത്ഥാടനം സംഘടിപ്പിച്ചത്.

ബ്രോംലി സീറോ മലബാർ കുർബ്ബാന കേന്ദ്രത്തിന്‍റെ ചാപ്ലൈനും, സെന്‍റ് ജോസഫ്സ് ദേവാലയത്തിലെ പാരീഷ് അസിസ്റ്റന്‍റ് പ്രീസ്റ്റും കപ്പുച്ചിൻ സന്യാസ സഭാംഗവുമായ ഫാ.സാജു പിണക്കാട്ട് കപ്പുച്ചിനാണ് ഈ തീർത്ഥാടനത്തിനു നേതൃത്വം നൽകുകയും, തീർത്ഥാടന കേന്ദ്രങ്ങളിൽ പ്രാർത്ഥനകളിലൂടെയും, തിരുക്കർമ്മങ്ങളിലൂടെയും ദൈവീക അനുഭവം പകരുന്നതിൽ അനുഗ്രഹീതമായ അജപാലന ശുശ്രുഷകൾ നിർവ്വഹിച്ചതും.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ