ബ്രിട്ടനിൽ സുരക്ഷാ ഉയർത്തി; പട്ടാളം നിരത്തിലിറങ്ങി
Wednesday, May 24, 2017 8:18 AM IST
ലണ്ടൻ: മാഞ്ചസ്റ്ററിലെ ഭീകരാക്രമണത്തെത്തുടർന്ന് യുകെയിൽ സുരക്ഷാ ലെവൽ ക്രിട്ടക്കിൽ നിലയിലേക്ക് ഉയർത്തി. കൂടുതൽ ആക്രമണങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണിതെന്ന് പ്രധാനമന്ത്രി തെരേസ മേ.

ഭയം, കലാപം, ആശങ്ക.. മാഞ്ചസ്റ്റർ സിറ്റിയിലെ അരീന ഗ്രാൻഡ് കണ്‍സേർട്ടിൽ നടന്ന ഭീകരാക്രമണത്തിന്‍റെ നടുക്കുന്ന ഓർമകൾ ദൃക്സാക്ഷികൾ പങ്കുവെക്കുന്നത് ഈ വാക്കുകളിലൂടെയാണ്. എന്തോ തകർന്നടിയുന്നതിെൻറ ശബ്ദമാണ് ആദ്യം കേട്ടത്. പിന്നാലെ ആളുകൾ ഭീതിയോടെ ഓടുന്നതും കണ്ടു. കണ്‍സേട്ട് ഹാളിെൻറ പുറത്തേക്കുള്ള വാതിൽ തിരഞ്ഞെത്തിയവരിൽ കൂടുതലും കുട്ടികളും കൗമാരപ്രായക്കാരുമായിരുന്നു ദൃക്സാക്ഷികളിലൊരാളായ സാദത്ഖാൻ വിവരിക്കുന്നു. മുന്നിലുണ്ടായിരുന്ന കസേരകൾ വലിച്ചെറിഞ്ഞ് അവർ ഓടുകയായിരുന്നു. രണ്ടുനിലക്കെട്ടിടം അകന്നുമാറുന്നത് സങ്കൽപിച്ചുനോക്കൂ. അത്രയും ഭീകരമായിരുന്നു ആ അവസ്ഥയെന്ന് മറ്റൊരു ദൃക്സാക്ഷി പറഞ്ഞു. സംഗീതക്കച്ചേരി അവസാനിക്കാറായപ്പോഴായിരുന്നു സംഭവം. ’’അവസാനത്തെ പാട്ട് കേട്ട് പോകാൻ ഒരുങ്ങുകയായിരുന്നു ഞങ്ങൾ. പെട്ടെന്ന് വലിയൊരു ശബ്ദവും പുക ഉയരുന്നതും കണ്ടു. പരിഭ്രാന്തരായ ജനങ്ങൾ നിലവിളിച്ച് തലങ്ങും വിലങ്ങും ഓടി. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല. ആളുകളുടെ കൈയിലെ കോട്ടും മൊബൈൽ ഫോണുമെല്ലാം താഴെ വീണുകിടക്കുന്നത് കാണാം’’ മറ്റൊരു ദൃക്സാക്ഷി വിവരിച്ചു.

മിനിറ്റുകളുടെ വ്യത്യാസത്തിലാണ് സംഭവിച്ചത്. കുട്ടികൾ ആൾക്കൂട്ടത്തിനിടയിലൂടെ പുറത്തേക്കുള്ള വാതിലിലൂടെ ഓടിയപ്പോൾ സ്വന്തം മക്കളെ കണ്ടെത്താനുള്ള ആധിയിലായിരുന്നു മുതിർന്നവർ. സ്ഫോടനം നടത്തിയത് ചാവേറാണെന്ന് വിശ്വസിക്കുന്നതായി രണ്ടു മക്കൾക്കൊപ്പം കണ്‍സേട്ടിനെത്തിയ അമ്മ പറഞ്ഞു. ഞങ്ങൾ ഇരുന്നിടത്തുനിന്ന് 15 അടി അകലെയായിരുന്നു അത്. വലിയൊരു ബലൂണ്‍ പൊട്ടിയതുപോലെയാണ് ആദ്യം തോന്നിയത്. എന്നാൽ, ബലൂണല്ല ശരിക്കും സ്ഫോടനംതന്നെയാണെന്ന് മനസ്സിലായപ്പോൾ ആളുകൾ പുറത്തേക്കു കുതിച്ചു. ഒരു ഹൊറർ സിനിമപോലെയായിരുന്നു പിന്നീട് നടന്നതെല്ലാം.
||
രണ്ടുതവണ സ്ഫോടനമുണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞു. രണ്ടു മിനിറ്റുകളുടെ വ്യത്യാസത്തിലാണ് നടന്നത്. ബ്രിട്ടീഷ് പാർലമെൻറ് തെരഞ്ഞെടുപ്പിന് മൂന്നാഴ്ച ശേഷിക്കെയാണ് ആക്രമണം. ബ്രിട്ടനിലെ എല്ലാ പാർട്ടികളും പ്രചാരണ പരിപാടികൾ നിർത്തിവെച്ചു. ബ്രിട്ടനെ മനഃപൂർവം ലക്ഷ്യമിട്ട് നടന്ന ആക്രമണമാണിതെന്ന് ആഭ്യന്തര സെക്രട്ടറി ആംബർ റൂഡ് പ്രസ്താവിച്ചു. ആക്രമണത്തിനുശേഷം ലണ്ടൻ നഗരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചതായി മേയർ സാദിഖ് ഖാൻ അറിയിച്ചു. ബ്രിട്ടനിലെ മറ്റു നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മരിച്ചവരോടുള്ള ആദരസൂചകമായി ഡൗണിങ് സ്ട്രീറ്റിൽ ദേശീയപതാക താഴ്ത്തിക്കെട്ടി. സംഭവത്തിനുശേഷം ചൊവ്വാഴ്ച രാവിലെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അടിയന്തര മന്ത്രിസഭ യോഗം വിളിച്ചു.

മാഞ്ചസ്റ്റർ അക്രമിയെ തിരിച്ചറിഞ്ഞു

മാഞ്ചസ്റ്ററിൽ സംഗീതപരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിെൻറ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തു. സൽമാൻ അബീദി എന്ന ഇരുപത്തിരണ്ടുകാരനാണ് സ്ഫോടനം നടത്തിയതെന്ന് പോലീസിനു വ്യക്തമായി. ലിബിയൻ മാതാപിതാക്കൾക്കു ജനിച്ച ഇയാൾ മാഞ്ചസ്റ്ററിൽ തന്നെയാണ് വളർന്നത്.
||
സംഭവത്തിൽ 22 പേർ കൊല്ലപ്പെടുകയും 59 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ടെലഗ്രാം ചാനലിലൂടെ ഐ.എസ് ഇക്കാര്യം പറഞ്ഞതായി സി.എൻ.എൻ ആണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാത്രി പത്തരയോടെ യു.എസ് പോപ്പ് ഗായിക അരീന ഗാൻഡെയുടെ സംഗീതപരിപാടി കഴിഞ്ഞ് കാണികൾ പുറത്തേക്കിറങ്ങുന്പോഴായിരുന്നു ഭീകരാക്രമണമുണ്ടായത്.

മരിച്ച മൂന്നു പേരെ തിരിച്ചറിഞ്ഞു

മാഞ്ചസ്റ്റർ അരീനയിൽ 22 പേരുടെ ജീവനെടുത്ത സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ സാഫി റോസ് റൂസോ എന്ന എട്ടുവയസ്സുകാരിയും. അമ്മ ലിസക്കും സഹോദരി ആഷ്ലിക്കുമൊപ്പം സംഗീതക്കച്ചേരിക്ക് എത്തിയതായിരുന്നു അവൾ.

സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവർ ചികിത്സയിലാണ്. ഏറ്റവും മനോഹരിയായ ഒരു പെണ്‍കുട്ടിയെയാണ് ലോകത്തിന് നഷ്ടപ്പെട്ടതെന്ന് റോസ് പഠിക്കുന്ന സ്കൂളിലെ പ്രധാനാധ്യാപിക ക്രിസ് അപ്റ്റോണ്‍ അനുസ്മരിച്ചു.

എല്ലാവരോടും സ്നേഹത്തോടെയും കരുണയോടെയും പെരുമാറുന്ന പെണ്‍കുട്ടി. അവളുടെ മരണം വലിയ ആഘാതമാണുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരിൽ 18കാരി ജോർജിന കലാന്തറിനെയാണ് ആദ്യം തിരിച്ചറിഞ്ഞത്.

ആക്രമണത്തെ ലോക നേതാക്കൾ ആക്രമണത്തെ അപലപിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണ്‍ ബ്രിട്ടീഷ് ജനതക്ക് എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.

ജർമൻ ചാൻസലർ അംഗലാ മെർക്കലും ഇറ്റാലിയൻ പ്രധാനമന്ത്രി പൗലോ ജൻറിലോണിയും യൂറോപ്യൻ യൂണിയൻ നേതാവ് ഡോണൾഡ് ടസ്കും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ആക്രമണത്തെ അപലപിച്ചു. സ്ഫോടനസമയത്ത് 21,000 പേരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്.

ഇതിനുമുന്പ് 2005 ജൂലൈ ഏഴിനാണ് ബ്രിട്ടനെ നടുക്കി സ്ഫോടനം നടന്നത്. 2005 ജൂലൈ അഞ്ചിന് ഇംഗ്ലണ്ടിലെ മൂന്ന് ട്രെയിനുകളിലായുണ്ടായ ചാവേർ സ്ഫോടനത്തിൽ 52 പേർ മരിക്കുകയും 700 പേർക്ക് പരുക്കേൽകുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ ബ്രിട്ടീഷ് പാർലമെൻറിനു സമീപം നടന്ന ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ