സീറോ മലബാർ സഭാ ചൈതന്യം പുതുതലമുറയ്ക്കായി ഇനി ഇംഗ്ലീഷ് ഭാഷയിലും
Saturday, May 20, 2017 2:58 AM IST
ലണ്ടൻ: വിശ്വാസികൾ ലോകത്തിന്‍റെ ഏതു ഭാഗത്തു ജീവിക്കുന്പോഴും തങ്ങളുടെ വിശ്വാസ പാരന്പര്യങ്ങളും ആചാര അനുഷ്ഠാനങ്ങളും പിന്തുടരാൻ ഓരോ സഭാവിഭാഗത്തിനും അവകാശമുണ്ടെന്ന രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്‍റെ പ്രഖ്യാപനം ഓരോ വ്യക്തി സഭയുടെയും വളർച്ചയിലെ നിർണായകമായ പ്രഖ്യാപനമായിരുന്നു. സീറോ മലബാർ സഭാ മക്കൾ കേരളത്തിനും ഇന്ത്യയ്ക്കും പുറത്ത് കുടിയേറിപാർത്തപ്പോഴും ശ്രേഷ്ഠമായ തങ്ങളുടെ സുറിയാനി പാരന്പര്യമുളള ആചാര രീതികളും ആരാധനാക്രമാനുഷ്ഠാനങ്ങളും കൈവിടാതെ സൂക്ഷിച്ചു. സഭാമക്കളുടെ ഈ താൽപര്യത്തിന്‍റെയും സഭാ നേതൃത്വത്തിന്‍റെ നിതാന്തജാഗ്രതയുടെയും ഫലമായി സീറോ മലബാർ സഭാംഗങ്ങൾ കുടിയേറിപ്പാർത്തിടത്തെല്ലാം സീറോ മലബാർ ക്രമത്തിൽ വി. കുർബാന അർപ്പിക്കുകയും വേദപാഠക്ലാസിലൂടെ പുതുതലമുറയ്ക്കും കുഞ്ഞുങ്ങൾക്കും വിശ്വാസ പരിശീലനം നൽകുകയും ചെയ്തു.
ഈജിപ്തിൽ നിന്നും കാനാൻ നാട്ടിലേക്കു യാത്ര ചെയ്ത ഇസ്രായേൽ ജനം മരുഭൂമിയിൽ ഇടയ്ക്കു താവളമടിച്ച സ്ഥലങ്ങളിലെല്ലാം തങ്ങളുടെ കൂടെയുളള ദൈവത്തിനായി ബലിപീഠം പണിത് ബലിയർപ്പിച്ചു (പുറപ്പാട് 17:15). ഉപജീവനത്തിനും അതിജീവനത്തിനുമായി അന്യ നാടുകളിലേക്ക് കുടിയേറിയ സീറോ മലബാർ സഭാംഗങ്ങളും പോയിടത്തൊക്കെ തങ്ങളുടെ കൂടെയുളള ദൈവത്തിന് തങ്ങളുടെ സ്വന്തം ആരാധന ക്രമത്തിൽ ബലിയർപ്പിച്ചു പ്രാർത്ഥിക്കാൻ എന്നും ഉത്സുകരാണ്. ഈ ദൈവസാന്നിദ്ധ്യ സ്മരണയ്ക്കും ആത്മീയ താല്പര്യത്തിനും ദൈവം നൽകിയ സവിശേഷ അനുഗ്രഹമാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. കഴിഞ്ഞ 20-ഓളം വർഷങ്ങളിലായി യു.കെ യിലേക്ക് കുടിയേറിയ അരലക്ഷത്തോളം ചെറുപ്പക്കാരായ സഭാംഗങ്ങൾക്ക് ആത്മീയ നേതൃത്വം വഹിക്കാനും തോമാശ്ലീഹാ പകർന്നു നൽകിയ വിശ്വാസത്തിൽ അവരെ ആഴപ്പെടുത്താനും ദൈവകൃപയാൽ നിയമിതനായത് ചെറുപ്പക്കാരനായ മാർ ജോസഫ് സ്രാന്പിക്കൽ തിരുമേനിയും.

യുകെയുടെ ജീവിത സാഹചര്യങ്ങളിൽ ജനിക്കുകയും വളരുകയും ചെയ്യുന്ന പുതുതലമുറയിലെ കുട്ടികളിലേയ്ക്ക് ഈ അമൂല്യ പൈതൃകം പകരുന്നതാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളികളിലൊന്ന്. മാതാപിതാക്കൾക്ക് മലയാളം മാതൃഭാഷയാണെങ്കിലും കുട്ടികളിൽ പലർക്കും മാതൃഭാഷ പോലെ അടുപ്പമുളളത് ഇംഗ്ലീഷിനോടാണ്. അതുകൊണ്ട് തന്നെ, അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികൾ സീറോ മലബാർ സഭാ പൈതൃകം ഇംഗ്ലീഷ് ഭാഷയിലുളള തിരുക്കർമ്മങ്ങളിലൂടെ കൂടുതൽ അടുത്തറിയുന്നതുപോലെ യു.കെ യിലുളള യുവതലമുറയിലെ കുട്ടികളും തങ്ങളുടെ മാതൃസഭയെ കുറിച്ച് അവർക്കു കൂടുതൽ പരിചിതമായ ഇംഗ്ലീഷ് ഭാഷയിലെ തിരുക്കർമ്മങ്ങളിലൂടെ അടുത്തറിയാൻ ഇടയാക്കണമെന്ന് രൂപതാധ്യക്ഷൻ ആഗ്രഹിക്കുന്നു.

ഇംഗ്ലീഷ് ഭാഷയിൽ സീറോ മലബാർ വി. കുർബാന അർപ്പിച്ച് അഭിവന്ദ്യപിതാവു തന്നെ ഈ പുതിയ രീതിക്കു തുടക്കം കുറിച്ചിരിക്കുന്നു. സാധ്യമാകുന്ന സ്ഥലങ്ങളിലും പ്രത്യേകിച്ചും കുട്ടികൾ കൂടുതലായി ആരാധനയിൽ പങ്കുചേരുന്ന അവസരങ്ങളിലും അഭിവന്ദ്യപിതാവ് ഇപ്പോൾ ഇംഗ്ലീഷ് ഭാഷയിൽ സീറോ മലബാർ വി. കുർബാന അർപ്പിച്ചു വരുന്നു. അഭിവന്ദ്യപിതാവിന്‍റെ ആഹ്വാനത്തെയും മാതൃകയെയും പിൻതുടർന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയിലെ വിവിധ വി. കുർബാന കേന്ദ്രങ്ങളിലും ഇംഗ്ലീഷ് ഭാഷയിലുളള സീറോ മലബാർ വി. കുർബാന അർപ്പണത്തിനായുളള ഒരുക്കങ്ങൾ നടന്നു വരുന്നു. സവിശേഷ പ്രാധാന്യവും കാലോചിതവും സാഹചര്യങ്ങൾക്കനുസൃതമായ ഈ പുതിയ രീതിക്ക് വളരെ അനുകൂലമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഈ ഉദ്യമത്തിനു അകമഴിഞ്ഞ പിന്തുണ പ്രഖ്യാപിച്ച മരിയൻ ടി. വി എല്ലാ ശനിയാഴ്ചയും യു.കെ സമയം രാവിലെ പതിനൊന്നിനു അഭിവന്ദ്യ മാർ ജോസഫ് സ്രാന്പിക്കൽ അർപ്പിക്കുന്ന ഇംഗ്ലീഷ് സീറോ മലബാർ വി. കുർബാന സംപ്രേക്ഷണം ചെയ്യുന്നു എന്നത് അത്യന്തം ആഹ്ലാദകരവും മാതൃകാപരവുമായ കാര്യമാണ്. സഭയുടെ ദൈവരാജ്യ പ്രഘോഷണ ശുശ്രൂഷയിൽ സവിശേഷമായ വിധത്തിൽ പങ്കുചേരുന്ന മരിയൻ ടി. വി യുടെ എല്ലാ ദൈവ ശുശ്രൂഷകളെയും ദൈവമനുഗ്രഹിക്കുമാറാകട്ടെ. ’ഭാരതമേ നിന്‍റെ രക്ഷ നിന്‍റെ സന്താനങ്ങളിൽ’ എന്ന പ്രവാചക തുല്യമായ വചനത്തിന്‍റെ പൂർത്തിയും സഭയുടെ ഇക്കാലത്തിലുളള വളർച്ചയും തുടർച്ചയും നമ്മുടെ പുതുതലമുറയിലെ കുഞ്ഞുങ്ങളിലൂടെയാവാൻ ഇംഗ്ലീഷ് ഭാഷയിൽ വി. കുർബാനയും മറ്റു ശുശ്രൂഷകളും വലിയൊരു കാരണമാകുമെന്ന് നമുക്ക് ന്യായമായും പ്രതീക്ഷിക്കാം.

ഫാ. ബിജു കുന്നക്കാട്ട്
(PRO Great Britain Syro Malabar Diocese)