ജർമൻ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല: എഎഫ്ഡി നേതാവ്
Thursday, April 20, 2017 8:20 AM IST
ബെർലിൻ: സെപ്റ്റംബറിൽ ജർമനിയിൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് എഎഫ്ഡി നേതാവ് ഫ്രോക് പെട്രി. സിഡിയുവിനായി ഇപ്പോഴത്തെ ചാൻസലർ ആംഗല മെർക്കലും എസ്പിഡിക്കായി മാർട്ടിൻ ഷൂൾസുമാണ് തെരഞ്ഞെടുപ്പുകൾ നയിക്കുന്നത്.

പെട്രിയും ചാൻസലർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നതാണ്. ഈ സാഹചര്യത്തിലാണ് അവരുടെ പ്രതികരണം. തെരഞ്ഞെടുപ്പ് അടുത്തതോടെ അവരുടെ നിലപാടുകളിൽ അയവ് വന്നതും ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയമോ എഎഫ്ഡിയോ തനിക്ക് ഒഴിച്ചു കൂടാനാവാത്ത കാര്യങ്ങളല്ലെന്നും അവർ ഏതാനും ദിവസം മുൻപ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡി ചരിത്രത്തിലാദ്യമായി പാർലമെന്‍റ് പ്രാതിനിധ്യം ഉറപ്പാക്കുമെന്നു കരുതപ്പെടുന്ന തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. 2013ൽ സ്ഥാപിതമായ പാർട്ടിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർലമെന്‍റ് പ്രാതിനിധ്യത്തിന് ആവശ്യമായ വോട്ട് വിഹിതം ലഭിച്ചിരുന്നില്ല. എന്നാൽ, അതിനു ശേഷം വന്ന പല സംസ്ഥാന തെരഞ്ഞെടുപ്പുകളിലും അവർ വൻ മുന്നേറ്റം കാഴ്ചവച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ