യുക്മ ദേശീയ കായികമേള ജൂണ്‍ 24ന്; പൊതു നിയമാവലികൾ പുറത്തിറക്കി
Tuesday, April 18, 2017 5:37 AM IST
ലണ്ടൻ: യുക്മ ദേശീയ കായികമേള 2017 ജൂണ്‍ 24 ന് ബെർമിംഗ്ഹാമിൽ നടക്കും. കായിക മേളയ്ക്ക് വേദിയാകുന്നത് സട്ടൻ കോൾഫീൽഡിലെ വിൻഡ്ലി ലെഷർ സെന്‍റർ ആണ്.

മേളയുടെ നടത്തിപ്പ് ചുമതല യുക്മ നാഷണൽ കമ്മിറ്റിയുടേതാണ്. റീജണൽ കായികമേളകളിൽ സിംഗിൾ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്കും ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് ദേശീയ മേളയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക. രാവിലെ 10ന് രജിസ്ട്രേഷൻ ആരംഭിക്കും. പ്രായം തെളിയിക്കുന്ന രേഖകൾ ഒപ്പം കരുതേണ്ടതാണ്. റീജണൽ തലത്തിലോ, അസോസിയേഷൻ തലത്തിലോ, വക്തിഗതമായോ രജിസ്ട്രേഷൻ ഫീസ് നൽകാവുന്നതാണ്. വടംവലി ഒഴികെ എല്ലാ ഇനങ്ങൾക്കും മൂന്ന് പൗണ്ട് ആയിരിക്കും വ്യക്തിഗത രജിസ്ട്രേഷൻ ഫീസ്. വടംവലി മത്സരത്തിന് ഒരു ടീമിന് ഇരുപത്തഞ്ചു പൗണ്ട് ആയിരിക്കും രജിസ്ട്രേഷൻ ഫീസ്. എണ്ണൂറു മീറ്റർ ഓട്ടമത്സരവും 50 വയസിനു മുകളിലുള്ളവരുടെ ഗ്രൂപ്പും ഇത്തവണത്തെ മേളയുടെ പ്രത്യേകതകളാണ്.

ശനി രാവിലെ 11ന് മാർച്ച് പാസ്റ്റോടെ മത്സരങ്ങൾ ആരംഭിക്കും. മത്സരാർഥികളെ പ്രായത്തിന്‍റെ അടിസ്ഥാനത്തിൽ ആറുവിഭാഗങ്ങൾ ആയി തിരിക്കും. അതോടൊപ്പം ഒരു പൊതു വിഭാഗവും ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്ക് മെഡലും പ്രശംസാപത്രവും നൽകാവുന്നതാണ്. വടംവലി വിജയികൾക്ക് സമ്മാന തുകയും ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിലും കൂടുതൽ വിജയങ്ങൾ നേടുന്നവർക്ക് ചാന്പ്യൻഷിപ്പും കൂടുതൽ വിജയങ്ങൾ നേടുന്ന അസോസിയേഷനും റീജണും എവർറോളിംഗ് ട്രോഫിയും സമ്മാനിക്കും.

മത്സര ഫലങ്ങളെ സംബന്ധിച്ച് റഫറിമാരുടെ തീരുമാനം അന്തിമമായിരിക്കും. എന്നാൽ പരാതികൾ പരിഹരിക്കാൻ ഒരു അപ്പീൽ കമ്മിറ്റി ഉണ്ടായിരിക്കും. അസോസിയേഷൻ/ റീജണൽ തലത്തിൽ ഉള്ള അപ്പീൽ മാത്രമേ സ്വീകരിക്കുകയുള്ളൂ. എല്ലാ മത്സരാർഥികളും അനുയോജ്യമായ ഷൂസ് ധരിക്കേണ്ടതാണ്. വടംവലി മത്സരത്തിൽ ഒരു ടീമിൽ ഏഴ് അംഗങ്ങൾക്ക് പങ്കെടുക്കാം. ടീമിന്‍റെ പരമാവധി ഭാരം 620 കിലോ ആയി നിജപ്പെടുത്തിയിരിക്കുന്നു. ഒപ്പം രണ്ടു പകരക്കാരുടെയും പേര് നൽകാം.

അപകട സുരക്ഷ മത്സരാർഥികളുടെ ചുമതലയാണ്. 16 വയസിൽ താഴെയുള്ള കുട്ടികളുടെ സുരക്ഷ രക്ഷിതാക്കളുടെ ചുമതലയാണ്. ഓരോ റീജണും അവരവരുടെ ബാനർ പ്രഥമശുശ്രൂഷാ കിറ്റ് തുടങ്ങിയവ ഒപ്പം കരുതണം. മത്സരങ്ങളുടെ പൂർണ വിവരങ്ങൾ അടങ്ങുന്ന ഇമെയിൽ എല്ലാ റീജണൽ കമ്മിറ്റികൾക്കും എത്തിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: ജയകുമാർ നായർ 07403223066.