അഭിപ്രായ സ്വാതന്ത്ര്യം ആഗോളമൂല്യം: തുർക്കിയോട് സ്വിറ്റ്സർലൻഡ്
Monday, March 27, 2017 7:17 AM IST
ജനീവ: അഭിപ്രായ സ്വാതന്ത്ര്യം ആഗോളതലത്തിൽ ഉയർത്തിപ്പിടിക്കേണ്ട മൂല്യമാണെന്ന് സ്വിറ്റ്സർലൻഡ് വിദേശകാര്യ മന്ത്രി ദിദിയർ ബുർഖാൽറ്റർ. തുർക്കി വിദേശകാര്യമന്ത്രി മെവ്ലറ്റ് കാവുസോഗ്ലുവുമായുള്ള ചർച്ചയിലാണ് പരാമർശം.

തുർക്കി സർക്കാർ നടത്താനിരുന്ന റാലികൾ ജർമനിയും നെതർലൻഡ്സും നിരോധിച്ചതിനെത്തുടർന്ന് തുർക്കിയും യൂറോപ്പുമായുള്ള ബന്ധം വഷളായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ഇരു വിദേശകാര്യ മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയത്.

സ്വിസ് നിയമങ്ങൾക്ക് സ്വിസ് മണ്ണിലുള്ള പ്രാധാന്യം ബുർഖാൽറ്റർ എടുത്തു കാട്ടി. അത് തുർക്കിയും അംഗീകരിച്ചേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം തുർക്കി പൗരൻമാർക്കും ഉള്ളതാണെന്നും ഹിതപരിശോധനയിൽ അത് ഉപയോഗിക്കാൻ അവർക്ക് അവസരം ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വിറ്റ്സർലൻഡിൽ തുർക്കി നടത്താനിരുന്ന റാലിക്ക് സർക്കാർ അനുമതി നിഷേധിച്ചിട്ടില്ല. എന്നാൽ, ഇവർ ബുക്ക് ചെയ്തിരുന്ന ഹോട്ടലുകൾ സഹകരിക്കാതെ വന്നതോടെ സംഘാടകർ റാലി ഉപേക്ഷിക്കുകയായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ