എം.എം. ലിങ്ക് വിൻസ്റ്റാറിനെ ആദരിച്ചു
Friday, March 24, 2017 8:01 AM IST
ആന്പല്ലൂർ: ആന്പല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായിരുന്ന ഒഐസിസി യുകെ ചെയർമാൻ എം.എം. ലിങ്ക് വിൻസ്റ്റാറിനെ ആദരിച്ചു. ആന്പല്ലൂർ സർവീസ് സഹകരണ ബാങ്കിന്‍റെ സപ്തതി സ്മാരക മന്ദിരത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദരിച്ചത്.

മുളന്തുരുത്തി ബ്ലോക്കിൽ പാവപ്പെട്ടവർക്കായി നൂറോളം ഭവനങ്ങൾ നിർമിച്ചു നൽകുകയും ഇരുനൂറോളം ഭവനങ്ങൾ വൈദ്യുതീകരിക്കാനും എല്ലാ വർഷവും എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടുന്ന ഇരുനൂറോളം വിദ്യാർഥികൾക്ക് മഹാത്മാഗാന്ധി പുരസ്കാരം നൽകുവാനും എം.എം. ലിങ്ക് വിൻസ്റ്റർ നേതൃത്വം നൽകിയിട്ടുണ്ട്.

അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബാങ്കിന്‍റെ മുൻ പ്രസിഡന്‍റ് ഏലിക്കുട്ടി മാത്യുവിനേയും മുൻ സെക്രട്ടറി എം.ഒ. ജോർജിനേയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശ സനൽ, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ് എൻ.പി. പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജയ സോമൻ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ റെജി കുര്യൻ, കെ.വി. തോമസ് തുടങ്ങിയവർ പങ്കെടുത്തു.