അഭിപ്രായ വ്യത്യാസങ്ങൾ പ്രകടമാക്കി മെർക്കൽ - ട്രംപ് കൂടിക്കാഴ്ച
Saturday, March 18, 2017 8:34 AM IST
ബെർലിൻ: വിവിധ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ തുടരുന്ന അഭിപ്രായ വ്യത്യാസം പ്രകടമാക്കുന്നതായിരുന്നു ജർമൻ ചാൻസലർ ആംഗല മെർക്കലും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ആദ്യ ഒൗദ്യോഗിക കൂടിക്കാഴ്ച.

അന്താരാഷ്ട്ര സ്വതന്ത്ര വ്യാപാരം, റഷ്യയോടുള്ള നിലപാട്, കുടിയേറ്റം തുടങ്ങിയ പ്രധാന വിഷയങ്ങളിലെല്ലാം അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നു. ഒരു കാര്യത്തിലെങ്കിലും ഇരു രാജ്യങ്ങളും തമ്മിൽ സമാനതയുണ്ടെന്ന് ഒടുവിൽ ട്രംപ് തുറന്നു പറയുകയും ചെയ്തു. ബറാക് ഒബാമ ഭരണകൂടം മെർക്കലിന്‍റെ എന്നതുപോലെ തന്‍റെയും ഫോണ്‍ ചോർത്തിയിരുന്നുവെന്നതാണ് ഈ സമാനതയായി ട്രംപ് ഉദ്ദേശിച്ചത്.

സംയുക്ത പത്രസമ്മേളനത്തിനുശേഷം മെർക്കലിന്‍റെ ഹസ്തദാനം ട്രംപ് നിരസിച്ചതും ഇരു നേതാക്കളുടെയും ഇടയിലുള്ള അഭിപ്രായ ഭിന്നത കൂടുതൽ പ്രകടമാക്കുന്നതായിരുന്നു. മെർക്കൽ കൈ നീട്ടുന്നത് ട്രംപ് കാണാഞ്ഞതാണോ, അതോ മനഃപൂർവമാണോ എന്നതിനു സ്ഥിരീകരണമില്ല. എന്നാൽ, ട്രംപിന്‍റെ നടപടി ബാലിശമാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഇതേക്കുറിച്ചുള്ള പ്രതികരണം.

മെർക്കലിന്‍റെ കുടിയേറ്റ നയത്തെ പ്രസിഡന്‍റ് ട്രംപും ട്രംപിന്‍റെ വലതുപക്ഷ നിലപാടുകളെ മെർക്കലും മറ്റും ജർമൻ നേതാക്കളും വിമർശിച്ചു വരുന്നു. എന്തായാലും ഇരു നേതാക്കളുടേയും സന്ദർശനത്തോടെ ഇക്കാര്യങ്ങളിൽ ഒരു മാറ്റവും വരുത്താൻ സാധിച്ചിട്ടില്ലെന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ.

നാറ്റോയും സ്വതന്ത്ര വ്യാപാരവും അടക്കമുള്ള വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു. എന്നാൽ, ഒരേ വേദിയിൽ നിൽക്കുന്പോഴും രണ്ടു ലോകത്ത് എന്ന പ്രതീതിയാണ് ഇരുവരും.

ആഗോളീകരണത്തിന്‍റെ ഗുണഫലങ്ങൾ വിശദീകരിക്കാനാണ് മെർക്കൽ ശ്രമിച്ചത്. അഭയാർഥികളോടു കരുണ കാണിക്കണമെന്ന നിലപാടിലും അവർ ഉറച്ചു നിന്നു. എന്നാൽ, കുടിയേറ്റ നിയന്ത്രണം സ്വതന്ത്ര വ്യാപാരത്തിനു പകരും നീതിയുള്ള വ്യാപാരം, സൈനിക ശക്തി വർധിപ്പിക്കൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയിൽ ഉൗന്നിയാണ് ട്രംപ് സംസാരിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ