കാർഗോ സൈക്കിളുമായി ജർമൻ തപാൽ സർവീസ്
Friday, March 17, 2017 8:17 AM IST
ബെർലിൻ: പാഴ്സലുകൾ വിതരണം ചെയ്യാൻ ജർമൻ തപാൽ സർവീസായ ഡിഎച്ച്എൽ എക്സ്പ്രസ് പഴയ വഴിയിലേക്ക് മടങ്ങുന്നു. ഡ്രോണുകൾ വരെ തപാൽ വിതരണത്തിന് ഉപയോഗിക്കുന്ന ഇന്നത്തെ കാലത്ത് ബൈസൈക്കിളുകളിലേക്കു മടങ്ങാനാണ് ഡിഎച്ച്എല്ലിന്‍റെ തീരുമാനം.

പദ്ധതി ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലും നെതർലൻഡ്സിലെ ഉൾട്രെച്ചിലും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു കഴിഞ്ഞു. ഓണ്‍ലൈൻ ഓർഡറുകൾ വർധിച്ചതും റോഡിൽ ഗതാഗതക്കുരുക്ക് ഏറിയതുമാണ് ട്രക്കുകൾക്കു പകരം സൈക്കിളുകളെ ആശ്രയിക്കാൻ കന്പനിയെ പ്രേരിപ്പിക്കുന്നത്. ചെറിയ വഴികളിലൂടെ പോകാനും സൈക്കിൾ തന്നെ ഉചിതം.

ക്യുബിസൈക്കിൾ എന്നു പേരിട്ടിരിക്കുന്ന അത്യാധുനിക സൈക്കിളുകളിൽ 90 പായ്ക്കറ്റുകൾ വരെ വയ്ക്കാം. ഇതുവഴി പ്രതിവർഷം 16 ടണ്‍ കാർബണ്‍ വാതകം പുറന്തള്ളുന്നത് ഒഴിവാക്കാമെന്നും കന്പനി കണക്കാക്കുന്നു.

7800 യൂറോ വിലയുള്ള സൈക്കിളുകൾ സ്വീഡനിൽ നിർമിച്ചവയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ