ഓസ്ട്രിയയിൽ ബിഫി ശിരോവസ്ത്രം നിരോധിച്ചു
Friday, March 17, 2017 6:15 AM IST
വിയന്ന: യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റീസിന്‍റെ വിധിയുടെ ചുവടുപിടിച്ച് ശിരോവസ്ത്രം നിരോധിക്കുന്ന ആദ്യ തൊഴിൽ സ്ഥാപനമായി ബിഫി. മുതിർന്നവർക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന ഓസ്ട്രിയയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് ബിഫി.

ഇതനുസരിച്ച് ശിരോവസ്ത്രം, തലപ്പാവുകൾ, വിവിധയിനം സ്കാഫുകൾ, തൊപ്പികൾ, മറ്റു മത ചിഹ്നമായ ശിരോവസ്ത്രങ്ങൾ എന്നിവ ഉദ്യോഗാർഥികൾ ധരിക്കുന്നതിന് വിലക്കേർപ്പെടുത്തി.

ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള ലക്സംബുർഗിലെ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റീസിന്‍റെ വിധിക്ക് തൊട്ടുപിന്നാലെയാണ് ഓസ്ട്രിയയിലെ ആദ്യത്തെ നിരോധന ഉത്തരവ്. യൂറോപ്യൻ കോടതിയുടെ ഉത്തരവനുസരിച്ച് തൊഴിൽ സ്ഥലത്ത് തലമറയ്ക്കുന്നത് നിരോധിക്കുന്നതിനുള്ള അവകാശം തൊഴിലുടമയ്ക്കുണ്ടെന്നു വിധിച്ചിരുന്നു.

സ്ഥാപനത്തിന്‍റെ ഉത്തരവിൽ കന്യാസ്ത്രീകളുടെ ശിരോവസ്ത്രവും തൊപ്പികൾ, കുരിശുരൂപങ്ങൾ എന്നിവയും ഇനി മുതൽ ക്ലാസ് മുറികളിൽ അനുവദിക്കുകയില്ല. ജോലി സ്ഥലത്ത് മതത്തിന് പ്രത്യേകിച്ച് ഒരു റോളുമില്ല. ഏകദേശം ആയിരത്തോളം കുടിയേറ്റക്കാർ ഇവിടെ പഠിക്കുന്നുണ്ട്. ഇവർക്ക് പാശ്ചാത്യ സംസ്കാരവും മൂല്യങ്ങളും പകർന്നു നൽകേണ്ടതായിട്ടുണ്ട്.

അധ്യാപകർ മോഡലുകളായി മാറണം. മുസ് ലിം ട്രെയിനർമാർ മറ്റു വനിതകളെ ബഹുമാനിക്കാൻ പഠിക്കണം. അതുപോലെ ഹസ്തദാനം ചെയ്യുവാനും കണ്ണുകളിൽ നോക്കി പഠിപ്പിക്കുവാനും കഴിയണം. ഈ നിബന്ധനകൾ പാലിക്കാത്തവർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നും സ്ഥാപന മേധാവിയുടെ അറിയിപ്പിൽ പറയുന്നു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ