ജർമൻ ധനകാര്യമന്ത്രിക്ക് ഗ്രീസിന്‍റെ വക പാഴ്സൽ ബോംബ്
ബെർലിൻ: ജർമൻ ധനകാര്യമന്ത്രി വോൾഫ്ഗാംഗ് ഷോയ്ബ്ളെയുടെ പേരിൽ ഗ്രീസിൽ നിന്ന് പാഴ്സൽ ബോംബ്. ധനമന്ത്രാലയത്തിൽ എത്തിയ പാഴ്സൽ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബാണെന്ന് തിരിച്ചറിഞ്ഞത്. വിവരം ഉടനടി അഗ്നിശമന വിഭാഗത്തിൽ അറിയിച്ചതിനെ തുടർന്നെത്തിയ വിദഗ്ധരെത്തി ബോംബ് നിർവീര്യമാക്കി. ഗ്രീസിലെ തീവ്ര ഇടതുഗ്രൂപ്പ് ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

മന്ത്രി കാര്യാലയത്തിൽ അമേരിക്കൻ പ്രതിനിധി സ്റ്റീഫൻ നുചിനുമായി വെള്ളിയാഴ്ച കൂടിക്കാണാൻ ഇരിക്കെയാണ് ഗ്രീസ് ബോംബ് എത്തിയതെന്നും ശ്രദ്ധേയം. കഴിഞ്ഞ കുറെക്കാലമായി ജർമനിയും ഗ്രീസുമായി അത്ര സുഖകരമല്ലാത്ത ബന്ധമാണ് തുടരുന്നത്. പ്രത്യേകിച്ച് ഗ്രീസിൽ നടപ്പാക്കിയ സാന്പത്തിക അച്ചടക്കം ജർമനിയുടെ കടുംപിടുത്തത്തിലാണ് പ്രാബല്യത്തിലായത്.

2011 ലും ഗ്രീസിൽ നിന്ന് ജർമൻ ധനമന്ത്രിക്ക് ലെറ്റർ ബോംബു ലഭിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ