വിദേശ വിദ്യാർഥികൾക്ക് ഏറ്റവും മികച്ച രാജ്യം ജർമനി
ബെർലിൻ: വിദേശത്തുനിന്നുള്ളവർക്ക് പഠിക്കാൻ ഏറ്റവും നല്ല യൂറോപ്യൻ രാജ്യമായി ജർമനി തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റഡി ഡോട്ട് ഇയു നടത്തിയ സർവേ അനുസരിച്ചാണ് പുതിയ റാങ്കിംഗ് തയാറാക്കിയിരിക്കുന്നത്. ദീർഘകാലമായി ഈ സ്ഥാനം കൈയടക്കി വച്ചിരുന്ന യുകെയെ മറികടന്നാണ് 83.2 പോയിന്‍റ് നേടി ജർമനി ഒന്നാമതെത്തിയത്.

മൂന്നു മാനദണ്ഡങ്ങളാണ് കണക്കിലെടുത്തത്. മൂന്നിലും ജർമനി തന്നെയാണ് മുന്നിലെത്തിയതെന്നും സ്റ്റഡി ഡോട്ട് യുകെ അറിയിച്ചു. ട്യൂഷൻ ഫീസ് നിർത്തലാക്കിയതോടെ ജർമനിയിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള ചെലവ് ഗണ്യമായി കുറഞ്ഞതും അനുകൂല ഘടകമായി.

ജർമനിയിൽ പഠിച്ചവർക്ക് അവിടെ തന്നെയോ യൂറോപ്പിലെ മറ്റു രാജ്യങ്ങളിലോ ജോലി കിട്ടാൻ കൂടുതൽ എളുപ്പവുമാണിപ്പോൾ. ജർമനിയിൽ ബിരുദം പൂർത്തിയാക്കിയവരിൽ വെറും 2.3 ശതമാനം പേരാണ് തൊഴിൽരഹിതരായി തുടരുന്നതെന്നും കണ്ടെത്തിയിരുന്നു.

നിലവിലെ നിയമം അനുസരിച്ച് പഠന വീസയിലെത്തുന്നവർക്ക് പഠനം കഴിഞ്ഞാൽ 18 മാസത്തെ ജോബ് സെർച്ചിംഗ് വീസ അനുവദിക്കുന്നതുകൊണ്ട് ഈ കാലയളവിനുള്ളിൽ ഇവിടെതന്നെ ജോലി കണ്ടുപിടിച്ച് ഉദ്യോഗത്തിൽ കയറാൻ സാധിക്കും. ജർമൻ ഭാഷയിൽ പ്രാവീണ്യവും വേണമെന്നു മാത്രം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ