ജർമനിയിലെ കാൾ മാർക്സിന്‍റെ പ്രതിമയെച്ചൊല്ലി വിവാദം
Thursday, March 16, 2017 8:11 AM IST
ബെർലിൻ: കാൾ മാർക്സിന്‍റെ ഇരുനൂറാം ജൻമ വാർഷികത്തോടനുബന്ധിച്ച് ചൈന സംഭാവന ചെയ്ത പ്രതിമ വിവാദത്തിൽ. മാർക്സിന്‍റെ ജ·സ്ഥലമായ ട്രയർ പട്ടണത്തിൽ സ്ഥാപിക്കാനുള്ളതാണ് പ്രതിമ. ഇതിന്‍റെ മാതൃക ഇതിനകം ഇവിടെ സ്ഥാപിക്കുകയും ചെയ്തുകഴിഞ്ഞു.

2018 മേയ് അഞ്ചിനാണ് ജ·വാർഷികം. ആറു മീറ്ററാണ് ചൈന സമ്മാനിക്കുന്ന പ്രതിമയുടെ ഉയരം. എന്നാൽ, ഇതു സ്വീകരിക്കുന്ന കാര്യത്തിൽ കടുത്ത വാഗ്വാദങ്ങളാണ് സിറ്റി കൗണ്‍സിലിൽ അരങ്ങേറിയത്. മനുഷ്യത്വഹീനവും ചോരക്കൊതിയുള്ളതുമായ ഒരു ഭരണകൂടത്തിൽനിന്നു സമ്മാനം സ്വീകരിക്കാമോ എന്നതായിരുന്നു പ്രധാന തർക്കവിഷയം.

സമ്മാനം നിരാകരിച്ച് ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളോടു പ്രതികരിക്കാം എന്നാണ് ഗ്രീൻ പാർട്ടി അഭിപ്രായപ്പെട്ടത്. പ്രതിമ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെച്ചൊല്ലിയും തർക്കം നിലനിൽക്കുന്നു. ജൻമനാട്ടിൽ മാർക്സ് ഒരിക്കലും അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും പ്രതിമ സ്ഥാപിക്കുന്നതോടെ ആ കുറവ് നികത്തപ്പെടുമെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു.

നഗരത്തിന്‍റെ ഏറ്റവും മഹത്തായ പൗരൻമാരിൽ ഒരാളും ലോകം കണ്ട ഏറ്റവും മഹത്തായ ചിന്തകരിൽ ഒരാളുമായിരുന്നു മാർക്സ് എന്നതു മറക്കരുതെന്നാണ് അവർ പറയുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ