യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജണ്‍ കമ്മിറ്റി സമാപിച്ചു
Thursday, March 16, 2017 6:15 AM IST
ലണ്ടൻ: യുക്മ മിഡ്ലാൻഡ്സ് റീജണിന്‍റെ പുതിയ കമ്മിറ്റിയുടെ ആദ്യ യോഗം മാർച്ച് 12ന് നോട്ടിംഗ്ഹാമിൽ നടന്നു.

പ്രസിഡന്‍റ് ഡിക്സ് ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ മിഡ്ലാൻഡ്സ് റീജണിന്‍റെ പ്രതിനിധിയും യുക്മ നാഷണൽ പ്രസിഡന്‍റുമായ മാമ്മൻ ഫിലിപ്പിനെയും യുക്മ നാഷണൽ ജോയിന്‍റ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ജയകുമാർ നായരെയും അനുമോദിച്ചു. മാമ്മൻ ഫിലിപ്പ് മറുപടി പ്രസംഗം നടത്തി.

തുടർന്നു നടന്ന കമ്മിറ്റിയിൽ റീജണിന്‍റെ ഈ വർഷത്തെ പ്രവർത്തന പരിപാടികളെക്കുറിച്ച് ചർച്ച ചെയ്യുകയും പ്രവർത്തന പരിപാടികളുടെ കരട് രൂപരേഖ തയാറാക്കുകയും ചെയ്തു. യുക്മ നാഷണൽ കായികമേളക്ക് മുന്നോടിയായി നടക്കുന്ന റീജണൽ കായികമേള സംഘടിപ്പിക്കുന്നതിനുള്ള ചുമതല ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജണൽ ട്രഷറർ പോൾ ജോസഫ്, ജോയിന്‍റ് ട്രഷറർ ഷിജു ജോസ് എന്നിവരെ ഏൽപ്പിച്ചു. തീയതിയും സ്ഥലവും ഉടൻ പിന്നീട് അറിയിക്കും.

നാഷണൽ കലാമേളക്ക് മുന്നോടിയായി നടക്കുന്ന റീജണൽ കലാമേള സംഘടിപ്പിക്കുന്നതിന്‍റെ ഉത്തരവാദിത്തം റീജണൽ സെക്രട്ടറി സന്തോഷ് തോമസ്, ജോയിന്‍റ് സെക്രട്ടറി നോബി ജോസ് എന്നിവർക്കാണ്.

റീജണിന്‍റെ ഫണ്ട് സമാഹരിക്കുന്നതിനുള്ള ചുമതല വൈസ് പ്രസിഡന്‍റ് ജോർജ് മാത്യുവിനും റീജണൽ പിആർഒ ആയി സെക്രട്ടറി സന്തോഷ് തോമസിനെയും ചുമതലപ്പെടുത്തി.

ഏപ്രിൽ 28 ന് ലണ്ടനിൽ നടക്കുന്ന യുക്മ നഴ്സസ് ഫോറം കണ്‍വൻഷനിൽ പങ്കെടുത്ത് വിജയിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. ഇതിനായി കണ്‍വെൻഷനിൽ പങ്കെടുക്കുന്നവർക്ക് വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. യുകെ മലയാളികൾക്കിടയിൽ പരക്കെ ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞ സ്വാന്തനം സഹായ പദ്ധതിക്ക് എല്ലാ സഹായ സഹകരങ്ങളും യോഗം ഉറപ്പുനൽകി.