ചെന്നായ്ക്കളുമൊത്തൊരു കുടുംബം
Friday, February 24, 2017 10:11 AM IST
കൊസാവോ: ചെന്നായ്ക്കളുമൊത്ത് ഒരു കുടുംബം അതും ഒരു കൂരയ്ക്കുള്ളിൽ എവിടെയാണന്നല്ലേ? അങ്ങ് മസിഡോണയിലെ ഒരു ഗ്രാമമായ ലെസോക്കിലാണ്. ഇവിടെ ഒരു കുടുംബം മൂന്നു ചെന്നായ്ക്കളെ മക്കളെപ്പോലെ പരിപാലിച്ചു വീടിനുള്ളിൽ വളർത്തുന്നത് ഏവരേയും അന്പരപ്പിക്കുന്ന ഒരു കാഴ്ചയാണ്. പൂച്ചക്കുട്ടികൾ വിഹരിക്കുന്നതുപോലെയാണ് ചെന്നായ്ക്കൾ വീടിനുള്ളിൽ ഓടി നടക്കുന്നത്.

രണ്ടു വർഷം മുന്പ് കുട്ടികളായിരിക്കുന്പോഴാണ് വീട്ടുടമസ്ഥനായ ഇസ്മയിലിന് ഇവരെ കിട്ടിയത്. അലേക്ക്, ലൂപ്, ലൂണ എന്നിങ്ങനെയാണ് ഇവർക്ക് വിളിപ്പേരിട്ടിരിക്കുന്നത്. ഇവ ഇസ്മയിൽ വീടിന് പുറത്തു പോകുന്പോൾ അദ്ദേഹത്തിന്‍റെ കൂടെ സവാരിക്ക് പോകുകയും ചെയ്യുന്നു.

ഇസ്മയിലിന്‍റെ പിതാവ് പറയുന്നു- ചെന്നായ എന്ന് പറയുന്പോൾ സാധാരണക്കാരുടെ മനസിൽ പേടി സ്വപ്നമാണ്. എന്നാൽ ഈ ചെന്നായ്ക്കൾ തെളിയിക്കുന്നു മനുഷ്യരാണ് ദുഷ്ടരെന്ന്. ഇവർ ഇതുവരെ ഒരുപദ്രവവും ആർക്കും വരുത്തിയിട്ടില്ല.

ഇസ്മയിൽ ഇവയെയും കൊണ്ട് അടുത്ത ഗ്രാമത്തിലൊക്കെ സവാരിക്കുപോകാറുണ്ട്. കൂട്ടിന് ചെന്നായ്ക്കളും കൂടെയുണ്ടാകും. ഇവ സാധാരണ വളർത്തുമൃഗങ്ങളെപ്പോലെയാണ് ഇടപഴകുന്നത്. എന്നാൽ അപരിചിതർ ആരെങ്കിലും വീടിനടുത്തേയ്ക്ക് വന്നാൽ നായ്ക്കളെപ്പോലെ ഇവ കുരയ്ക്കാറാണ് പതിവ്.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ