ട്രംപിന്റെ വിമർശനങ്ങൾക്ക് ജർമനിയുടെ മറുപടി
Wednesday, January 18, 2017 3:51 AM IST
ബെർലിൻ: ജർമനിക്കും ചാൻസലർ ആംഗല മെർക്കലിനും രാജ്യത്തിനു പ്രിയപ്പെട്ട കാർ നിർമാണ മേഖലയ്ക്കുമെതിരേ നിയുക്‌ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉന്നയിച്ച രൂക്ഷമായ ആരോപണങ്ങൾക്ക് ജർമനി ശക്‌തമായ മറുപടി നൽകി.

മെർക്കലിന്റെ അഭയാർഥി നയം വൻ അബദ്ധമാണെന്നു പറഞ്ഞ ട്രംപ്, ഇതു കാരണമാണ് ബ്രെക്സിറ്റ് സംഭവിച്ചതെന്നും ഇങ്ങനെയാണു പോകുന്നതെങ്കിൽ കൂടുതൽ രാജ്യങ്ങൾ യൂറോപ്യൻ യൂണിയൻ വിട്ടു പോകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നു.

യൂറോപ്യൻ യൂണിയന്റെ ഭാവി അതിലെ അംഗങ്ങളുടെ കൈയിലാണെന്നാണ് മെർക്കൽ ഇതിനോടു പ്രതികരിച്ചത്. സമ്പദ് വ്യവസ്‌ഥ മെച്ചപ്പെടുത്താനും ഭാവി വെല്ലുവിളികൾ നേരിടാനും അംഗരാജ്യങ്ങളെ പ്രാപ്തരാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു. അതിർത്തികൾ തുറന്നിട്ട അഭയാർഥി നയം ജർമനിയെയും യൂറോപ്പിനെയും സുരക്ഷാ ഭീഷണിയിലാക്കി എന്ന ആരോപണത്തിന് സിറിയൻ യുദ്ധത്തെത്തുടർന്ന് പലായനം ചെയ്തവരെല്ലാം തീവ്രവാദികളല്ലെന്നാണ് മെർക്കലിന്റെ മറുപടി.

അതേസമയം ഇറാക്ക് അധിനിവേശമാണ് ചരിത്രത്തിൽ അമേരിക്ക വരുത്തിയ ഏറ്റവും വലിയ തെറ്റെന്നാണ് ജർമൻ ഉപചാൻസലർ സിഗ്മർ ഗബ്രിയേൽ പ്രതികരിച്ചത്. ജർമൻ നിർമിത കാറുകൾക്ക് നികുതി വർധിപ്പിക്കുമെന്ന ട്രംപിന്റെ പരാമർശത്തോട് ഇതു പറയാനല്ലാതെ നടപ്പാക്കാൻ കഴിയില്ലെന്നാണ് സാമ്പത്തിക മന്ത്രി കൂടിയായ ഗബ്രേയിൽ പറഞ്ഞത്. ജർമൻ കാറുകൾക്ക് നികുതി ചുമത്തിയാൽ അമേരിക്കൻ കാർ നിർമാണ മേഖലയ്ക്കു തന്നെയാവും തിരിച്ചടിയെന്നും ഗബ്രിയേൽ കൂട്ടിച്ചേർത്തു.

നാറ്റോയ്ക്കെതിരേ ട്രംപ് നടത്തിയ പരാമർശങ്ങൾ അതിനുള്ളിൽ തന്നെ എതിർപ്പ് നേരിടുന്നുവെന്ന് ജർമൻ വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമെയർ പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ