യൂറോപ്പ് തണുത്തുറയുന്നു; കൊടുങ്കാറ്റിൽ വിറച്ച് ജർമനിയും
Friday, January 13, 2017 10:26 AM IST
ബെർലിൻ: ശൈത്യത്തിന്റെ പിടിയിലമർന്ന് യൂറോപ്പ് തണത്തുറയുന്നു. പശ്ചിമയൂറോപ്പിൽ മഞ്ഞുമഴ ശക്‌തമായി തുടരുകയാണ്. ഫ്രാൻസിലെ നോർമെൻഡയിൽ കെടുങ്കാറ്റിൽ വൈദ്യുതി ബന്ധം താറുമാറായതിനെതുടർന്ന് 237,000 ഭവനങ്ങൾ ഇരുട്ടിലായി. തീരപ്രദേശങ്ങളിൽ 146 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നത്. വടക്കൻ ഫ്രാൻസിലും കാറ്റ് ശക്‌തമായി വീശുന്നുണ്ട്.

യൂറോപ്പിൽ ഇത്തവണത്തെ ശൈത്യം തുടങ്ങിയ ശേഷം ഇതുവരെയായി 65 പേരോളം വിവിധ സ്‌ഥലങ്ങളിൽ മരിച്ചതായി ഔദ്യോഗികമായി കണക്കാപ്പെട്ടിട്ടുണ്ട്. പോളണ്ട്, തെക്കു കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളായ റൊമാനിയ, ബൾഗേറിയ, ഗ്രീസ്, പടിഞ്ഞാറൻ തുർക്കി എന്നിവിടങ്ങളിലാണ് കനത്ത മഞ്ഞുവീഴ്ചയിലും തണുത്തുറഞ്ഞ മഞ്ഞിലും വീണ് മരണങ്ങൾ സംഭവിച്ചത്.

ഇതിനിടെ വെള്ളിയാഴ്ച രാവിലെ ജർമനിയിൽ രൂപംകൊണ്ട ഇഗോൺ എന്ന ശൈത്യ കൊടുങ്കാറ്റ് ജർമനിയെ അക്ഷരാർഥത്തിൽ വിറപ്പിച്ചിരിക്കുകയാണ്. ശീതകാറ്റിലും കനത്ത മഞ്ഞുവീഴ്ചയിലും ജനജീവിതം താറുമാറായി. 140 കിലോമീറ്റർ വേഗതത്തിലാണ് ഹിമകാറ്റ് വീശിയടിക്കുന്നത്. പോളണ്ടിന്റെ ഭാഗത്തേയ്ക്കും ഇതിനകം കാറ്റ് ആഞ്ഞടിച്ചു. 30 മുതൽ 50 സെന്റിമീറ്റർ വരെ മഞ്ഞ് വീഴ്ച ഉണ്ടായതായി കാലാവസ്‌ഥാ കേന്ദ്രം വെളിപ്പെടുത്തി. തെക്കൻ ജർമൻ സംസ്‌ഥാനങ്ങൾ പൂർണമായും ശൈത്യത്തിന്റെ പിടിയിലാണ്. ഇതുവരെ ഒരാൾ മരിച്ചതായി റിപ്പോർട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി.

മഞ്ഞുവീഴ്ചമൂലം ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാവിലെ 120 വിമാന സർവീസുകൾ റദ്ദാക്കിയതായി വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു. ലൈപ്സിഷ്, ഡ്രസ്ഡൺ, ഹാൻ എന്നീ വിമാനത്താവളങ്ങളിലും വിമാനസർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

ലോവർ സാക്സണി സംസ്‌ഥാനത്ത് മഞ്ഞ് വീഴ്ചമൂലം വിദ്യാലയങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ്. അടുത്ത ദിവസങ്ങളിലും ജർമനിയിൽ കാലാവസ്‌ഥയിൽ പുതിയ മാറ്റങ്ങളുണ്ടാകുമെന്നാണ് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ബ്രിട്ടനിലാകമാനം വീശിയടിച്ച ശീതക്കാറ്റിലും മഞ്ഞുവീഴ്ചയിലും ജനജീവിതം ദുരിതപൂർണമായി. സൗത്ത് ഈസ്റ്റിൽ കനത്തതോതിൽ മഞ്ഞു പെയ്തു. രാജ്യത്തിന്റെ കിഴക്കൻ തീരപ്രദേശങ്ങളിൽ ശക്‌തമായ മഞ്ഞുവീഴ്ചയ്ക്കൊപ്പം ശീതക്കാറ്റും വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും കാലാവസ്‌ഥാകേന്ദ്രം പ്രവചിക്കുന്നു.

ലണ്ടൻ നഗരത്തിലെ പ്രധാന റോഡുകളെല്ലാം മഞ്ഞുവീഴ്ചയിൽ നിശ്ചലമായി. ഗാറ്റ്വിക്ക്, ഹീത്രൂ വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി.രാജ്യത്തിന്റെ തെക്കുകിഴക്കൻ പ്രദേശങ്ങളിലും സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലും ശക്‌തമായ മഞ്ഞുവീഴ്ച ഉണ്ടായതായി റിപ്പോർട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ