ചൈനീസ് പ്രസിഡന്റിന്റെ സ്വിറ്റ്സർലൻഡ് സന്ദർശനം 15ന്; ടിബറ്റുകാർക്ക് പ്രതിഷേധിക്കാൻ അനുമതി
Wednesday, January 11, 2017 10:17 AM IST
സൂറിച്ച്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് സ്വിസ് തലസ്‌ഥാനമായ ബേണിൽ എത്തുമ്പോൾ പ്രതിഷേധ പ്രകടനം നടത്താൻ ടിബറ്റുകാർക്ക് അനുമതി നൽകിയതായി ബേൺ സിറ്റിയുടെ സെക്യൂരിറ്റി ഡയറക്ടർ റെറ്റോ നൗസെ വ്യക്‌തമാക്കി. ജനുവരി 15ന് (ഞായർ) ആണ് ചൈനീസ് പ്രസിഡന്റിന്റെ ബേൺ സന്ദർശനം.

രാവിലെ 10 മുതൽ 12 വരെ ടിബറ്റുകാർക്കും ടിബറ്റിലെ മനുഷ്യാവകാശങ്ങളെ ചൈന അടിച്ചമർത്തുന്നതിനെ എതിർക്കുന്ന സംഘടനകൾക്കും സ്വിസ് പാർലമെന്റിനടുത്ത് അനുവദിച്ചിട്ടുള്ള സ്‌ഥലത്തു തങ്ങളുടെ പ്രതിഷേധം സമാധാനമായി പ്രകടിപ്പിക്കാനാണ് അനുമതി. ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാനാണ് ഷി ജിൻപിംഗ് സ്വിറ്റ്സർലൻഡിൽ എത്തുന്നത്.

സന്ദർശന സമയക്രമം അനുസരിച്ച് പ്രധിഷേധ പ്രകടനം കഴിഞ്ഞാണ് ചൈനീസ് പ്രസിഡന്റ് സ്വിസ് പാർലമെന്റിൽ എത്തുന്നത്. ചൈനയുമായുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങൾക്ക് പ്രത്യേക പരിഗണനയാണ് സ്വിസ് സർക്കാർ നല്കുന്നതെങ്കിലും മനുഷ്യാവകാശങ്ങളെ മാനിക്കുന്ന സ്വിസ് സംസ്കാരത്തിൽ പ്രതിഷേധങ്ങൾക്ക് അവകാശമുള്ളത് സർക്കാർ അംഗീകരിക്കുകയായിരുന്നു.

അയ്യായിരത്തോളം ടിബറ്റുകാരാണ് സ്വിസിലുള്ളത്. 1960 കളിൽ അഭയാർഥികളായി ഇവരെ സർക്കാർ ഏറ്റെടുക്കുകയായിരുന്നു. 1999 ൽ ആണ് ഏറ്റവും അവസാനം ഒരു ചൈനീസ് പ്രസിഡന്റ് സ്വിസ് സന്ദർശിച്ചിട്ടുള്ളത്. അന്ന് പ്രതിഷേധം അതിരു വിട്ടതിനെത്തുടർന്ന് നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടിരുന്നു.

റിപ്പോർട്ട്: ടിജി മറ്റം