ആഗോള ആയുധ വില്പന കുറഞ്ഞു; ജർമനിയുടേത് വർധിച്ചു
Tuesday, December 6, 2016 10:06 AM IST
ബർലിൻ: ആയുധ വില്പന കുറയ്ക്കുമെന്ന ജർമൻ സർക്കാരിന്റെ വാഗ്ദാനം പാഴായി. ആഗോള തലത്തിൽ തന്നെ ആയുധ വില്പന കുറയുന്ന പ്രവണതയ്ക്കു സാക്ഷ്യം വഹിച്ച കഴിഞ്ഞ വർഷം ജർമനിയുടെ ആയുധ വില്പനയിൽ വർധനവ് രേഖപ്പെടുത്തി.

ലോകത്തെ ഏറ്റവും വലിയ നൂറ് ആയുധ നിർമാണ കമ്പനികൾ ആകെ 370.7 ബില്യൻ ഡോളറിന്റെ ആയുധങ്ങളാണ് കഴിഞ്ഞ വർഷം വിറ്റഴിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 0.6 ശതമാനം കുറവാണിത്. തുടരെ അഞ്ചാം വർഷമാണ് ആഗോള ആയുധ വില്പനയിൽ കുറവ് വരുന്നത്.

എന്നാൽ, ജർമൻ കമ്പനികളുടെ കഴിഞ്ഞ വർഷത്തെ ആയുധ വില്പനയിൽ 7.4 ശതമാനത്തിന്റെ വർധനയും കാണുന്നു. 5.6 ബില്യൻ ഡോളറിന്റെ ആയുധങ്ങളാണ് അവർ വിറ്റത്. 2014 ൽ 9.4 ശതമാനമായിരുന്നു വർധന. വർധനയുടെ തോതിലെങ്കിലും കുറവു വന്നു എന്നാണ് സമാധാന പ്രചാരകരുടെ ആശ്വാസം.

ഏറ്റവും വലിയ ആയുധ വില്പനക്കാരായ അമേരിക്കൻ കമ്പനികളുടെ വില്പനയിൽ 2.9 ശതമാനം കുറവു രേഖപ്പെടുത്തി. എന്നാൽ ഇപ്പോഴും ആദ്യ നൂറു കമ്പനികളിൽ ഇവർ ബഹുദൂരം മുന്നിലാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ