മാഞ്ചസ്റ്ററിൽ സൺഡേ സ്കൂൾ വാർഷികവും മാർ സ്രാമ്പിക്കലിന്റെ ഇടവക സന്ദർശനവും
Friday, December 2, 2016 10:14 AM IST
മാഞ്ചസ്റ്റർ: സെൻട്രൽ മാഞ്ചസ്റ്റർ സെന്റ് ജോസഫ് ദേവാലയത്തിൽ സീറോ മലബാർ കത്തോലിക്കാ ഇടവകയുടെ ഇടവക ദിനവും സൺഡേ സ്കൂൾ വാർഷികവും ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ ഭക്‌തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു.

ശനിയാഴ്ച മാർ സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെ സന്ദർശന പരിപാടികൾ ആരംഭിച്ചു. തുടർന്ന് സീറോ മലബാർ പാരീഷ് സെന്ററിൽ നടന്ന സൺഡേ സ്കൂൾ വാർഷികാഘോഷ പരിപാടികൾ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. കുടുംബംങ്ങൾ മാതാവിനോട് ചേർന്ന് നിന്ന് യേശുവിനെ തങ്ങളുടെ കുടുംബത്തിലേക്കും ജീവിതത്തിലേക്കും സ്വീകരിക്കുവാൻ പാപരഹിതമായ മനസുകളോടെ ഒരുങ്ങുവാനും തയാറെടുക്കുവാനും ഉദ്ഘാടന സന്ദേശത്തിൽ മാർ സ്രാമ്പിക്കൽ ഉദ്ബോധിപ്പിച്ചു. ചടങ്ങിൽ ലോംഗ് സൈറ്റ് സീറോ മലബാർ കമ്യൂണിറ്റിയുടെ ഉപഹാരം ട്രസ്റ്റി ജോർജ് മാത്യു മാർ സ്രാമ്പിക്കലിന് സമ്മാനിച്ചു. ഫാ. ഇയാൻ ഫാരൻ, ഫാ.തോമസ് തൈക്കൂട്ടത്തിൽ, ഫാ. ഫാൻസ്വ പത്തിൽ, പോൾസൺ തോട്ടപ്പള്ളി, ജയ്സൻ മേച്ചേരി, ജെസി ജോസഫ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പ്രീതി ജോണി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് സൺഡേ സ്കൂൾ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്നേഹവിരുന്നോടെ ആഘോഷ പരിപാടികൾ സമാപിച്ചു.

ഇടവക സന്ദർശനത്തിന്റെ ഭാഗമായി മാർ സ്രാമ്പിക്കൽ മതബോധന അധ്യാപകരുമായുള്ള യോഗത്തോടെയാണ് ഞായറാഴ്ചത്തെ പരിപാടികൾ ആരംഭിച്ചത്. തുടർന്ന് പാരീഷ് കമ്മിറ്റി അംഗങ്ങളുമായും മാതൃദീപ്തി അംഗങ്ങൾ, യുവജന സംഘടനയായ SMYL അംഗങ്ങൾ എന്നിവരുമായി പ്രത്യേകം യോഗങ്ങൾ ചേർന്ന് ചർച്ചകൾ നടത്തി. ഇടവകയിലെ രോഗികളായവരെ സന്ദർശിച്ച് അവർക്കുവേണ്ടി പ്രാർഥിക്കുവാനും അദ്ദേഹം സമയം കണ്ടെത്തി. തുടർന്ന് ഇടവക വാർഡുകളിൽ നടന്ന കുടുംബയോഗങ്ങളിലും അദ്ദേഹം സംബന്ധിച്ചു. വൈകുന്നേരം 4.30 ന് ഇടവകയ്ക്കു വേണ്ടി പ്രത്യേക ദിവ്യബലി അർപ്പിച്ച മാർ സ്രാമ്പിക്കൽ, മാതൃവേദിയുടെ ഉദ്ഘാടനവും നിർവഹിച്ചു.

റിപ്പോർട്ട്: അലക്സ് വർഗീസ്