ഡെർബി ബാഡ്മിന്റൺ ടൂർണമെന്റ്: റാം–ലെനിൻ സഖ്യം ജേതാക്കൾ
Monday, November 14, 2016 6:44 AM IST
ലണ്ടൻ: ഡെർബി ബാഡ്മിന്റൺ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റിൽ ലണ്ടനിൽനിന്നുള്ള റാം–ലെനിൻ സഖ്യം ജേതാക്കളായി. ആദ്യന്തം ഉദ്വേഗം നിറഞ്ഞുനിന്ന മത്സരത്തിൽ നോർത്താംപ്റ്റണിൽ നിന്നുമുള്ള ജിനി– ജിജോ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്.

ജേതാക്കൾക്ക് ട്രോഫിയും 300 പൗണ്ടും സമ്മാനമായി ലഭിച്ചു. രണ്ടാം സ്‌ഥാനക്കാർക്കുള്ള ട്രോഫിയും 150 പൗണ്ടും ജിനി– ജിജോ സഖ്യവും മൂന്നാം സ്‌ഥാനക്കാർക്ക് നൂറ് പൗണ്ടും ട്രോഫിയും സനീഷ്–അനി സഖ്യവും രാജീവ് –ഷൈൻ സഖ്യം നലാം സ്‌ഥാനക്കാർക്കുള്ള ട്രോഫിയും 75 പൗണ്ടും സ്വന്തമാക്കി. ക്വാർട്ടർ ഫൈനലിൽ എത്തിയ എല്ലാ ടീമുകളും 50 പൗണ്ട് വീതം പ്രോൽസാഹന സമ്മാനവും നേടി. വിജയികൾക്ക് മേയർ ലിൻഡ വിന്റർ, ലിറ്റിൽ ഓവൻ കൗൺസിലർ ജോ നൈറ്റ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

രാജീവ് സദാശിവൻ പ്ലേയർ ഓഫ് ദി ടൂർണമെന്റ് പട്ടം കരസ്‌ഥമാക്കി. ലെവിൻ മാത്യു, ബേസിൽ ജോൺസൺ, മാത്യൂസ് റോയ് എന്നിവർ എമർജിംഗ് പ്ലെയർ അവാർഡ് നേടി.

റിപ്പോർട്ട്: അലക്സ് വർഗീസ്