യൂറോപ്യൻ യൂണിയൻ – കാനഡ വ്യാപാര കരാറിന് തിരിച്ചടി
Saturday, October 22, 2016 8:32 AM IST
ബ്രസൽസ്: യൂറോപ്യൻ യൂണിയനും കാനഡയും തമ്മിൽ ഒപ്പുവയ്ക്കാനിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാർ പ്രതിസന്ധിയിലായി. ബെൽജിയത്തിലെ ഒരു റീജൺ പാർലമെന്റ് പ്രസ്തുത കരാർ തള്ളിയതോടെയാണിത്.

വയോനിയ പാർലമെന്റാണ് സെറ്റ എന്നറിയപ്പെടുന്ന കരാർ നിരാകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാർ കരാറിനെക്കുറിച്ച് അവസാന വട്ട ചർച്ച തുടങ്ങാനിരിക്കെയാണ് ഈ തിരിച്ചടി.

ദേശീയ പാർലമെന്റുകൾ അംഗീകരിക്കുന്നതിനു മുൻപു തന്നെ കരാർ ഭാഗികമായി നടപ്പാക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിരുന്നു. ഇതിനെതിരേ പല ഭാഗങ്ങളിൽനിന്നും കടുത്ത എതിർപ്പാണ് ഉയരുന്നത്.

കൂടുതൽ വിവാദപരമായ യൂറോപ്യൻ യൂണിയൻ – യുഎസ് ട്രാൻസ് അറ്റ്ലാന്റിക് വ്യാപാര കരാർ നടപ്പാക്കാൻ കാനഡയുമായുള്ള കരാർ മറയാക്കപ്പെടുമെന്നാണ് എതിർക്കുന്നവരുടെ വാദം.

കരാറുകൾ ഒപ്പുവയ്ക്കാൻ യൂറോപ്യൻ യൂണിയനു ശേഷിയില്ല: കനേഡിയൻ മന്ത്രി

അന്താരാഷ്ര്‌ട കരാറുകൾ ഒപ്പുവയ്ക്കാനുള്ള ശേഷി യൂറോപ്യൻ യൂണിയനില്ലെന്ന് കനേഡിയൻ വാണിജ്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് പ്രതികരിച്ചു.

യൂറോപ്യൻ യൂണിയനും കാനഡയും തമ്മിൽ ധാരണയായ സ്വതന്ത്ര വ്യാപാര കരാർ ഇനിയും അംഗീകരിക്കപ്പെടാത്തതിനോടുള്ള വൈകാരിക പ്രതികരണമാണ് കനേഡിയൻ മന്ത്രി നടത്തിയിരിക്കുന്നത്.

കാനഡയുമായുള്ള കരാർ ബെൽജിയം ഒഴികെ എല്ലാ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും അംഗീകരിച്ചു കഴിഞ്ഞു. വയോനിയ പാർലമെന്റ് അംഗീകരാക്കത്തതിനാൽ മാത്രമാണ് ബെൽജിയത്തിന് ഈ കരാർ അംഗീകരിക്കാൻ ഇനിയും സാധിക്കാത്തത്.

കാനഡയെപ്പോലെ യൂറോപ്യൻ മൂല്യങ്ങൾ വച്ചു പുലർത്തുന്ന ഒരു രാജ്യവുമായി പോലും ഒരു കരാർ ഒപ്പിടാനുള്ള ശേഷി യൂറോപ്യൻ യൂണിയനില്ലെന്നാണ് ഇതിൽ നിന്നു വ്യക്‌തമാകുന്നതെന്ന് ക്രിസ്റ്റിയ പറഞ്ഞു. കാനഡയ്ക്കു നിരാശയുണ്ട്. ഇനി കരാർ യാഥാർഥ്യമാകുമെന്നു കരുതുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇതിനിടെ, കരാർ യാഥാർഥ്യമാക്കാൻ യൂറോപ്യൻ യൂണിയൻ ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്. ക്രിസ്റ്റിയയുമായും വയോനിയ ഭരണാധികാരി പോൽ മാഗ്നെറ്റുമായി പ്രത്യേകം ചർച്ച നടത്താനാണ് യൂറോപ്യൻ യൂണിയൻ മേധാവി മാർട്ടിൻ ഷൂൽസ് ശ്രമിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ