മാർ ജോസഫ് സ്രാമ്പിക്കൽ ആദ്യ പ്രിസ്ബെറ്റേറിയത്തെ അഭിസംബോധന ചെയ്തു
Tuesday, September 20, 2016 4:48 AM IST
മാഞ്ചസ്റ്റർ: പ്രസ്റ്റൺ എപ്പാർക്കി ഓഫ് ഗ്രേയ്റ്റ് ബ്രിട്ടൻ ഓഫ് സീറോ മലബാർ രൂപതയുടെ നിയുക്‌ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയിൽ യുകെയിലെ സീറോ മലബാർ വൈദികരുടെ ആദ്യ പ്രിസ്ബെറ്റേറിയം പ്രസ്റ്റണിൽ നടന്നു. മെത്രാഭിഷേകത്തിനു മുന്നോടിയായി എത്തിയ മാർ സ്രാമ്പിക്കൽ യുകെയിലെ വിവിധ രൂപതകളിൽ ജോലിചെയ്യുന്ന 25ൽ പരം മലയാളി വൈദികരുടെ യോഗത്തെ അഭിസംബോധന ചെയ്യുക ആയിരുന്നു ആദ്യത്തെ ഔദ്യോഗിക പരിപാടി.

രാവിലെ 11ന് ആരംഭിച്ച വൈദിക കൂട്ടായ്മയിൽ മാർ സ്രാമ്പിക്കലിനൊപ്പം മെത്രാഭിഷേക ശുശ്രൂഷകളുടെ ജനറൽ കൺവീനർ റവ. ഡോ. തോമസ് പാറയടി, ജോയിന്റ് കൺവീനർ റവ. ഡോ. മാത്യു ചൂരപൊയ്കയിൽ എന്നിവർ സംസാരിച്ചു. മെത്രാഭിഷേക ശുശ്രൂഷയുടെ വിജയത്തിനായി പ്രവർത്തിക്കുന്ന പതിനാലോളം കമ്മിറ്റികളുടെ പുരോഗതി യോഗത്തിൽ വിലയിരുത്തി. അടുത്ത ദിവസം ഫീസ്റ്റ് ആഘോഷിക്കുന്ന മാത്യു നാമധാരികളായ വൈദികരോടൊന്നു ചേർന്നു കേക്ക് മുറിച്ചു സന്തോഷം പങ്കിട്ട ശേഷമാണ് പ്രിസ്ബിറ്റേറിയം അവസാനിച്ചത്.

തുടർന്നു പതിനാലു കമ്മിറ്റികളുടെയും കൺവീനർമാരായ വൈദികർ പ്രത്യേകം യോഗം ചേർന്ന് വിലയിരുത്തലുകൾ നടത്തി. റിസപ്ഷൻ കമ്മിറ്റി കൺവീനർ ഫാ. സജി മലയിൽ പുത്തൻപുരയുടെ നേതൃത്വത്തിൽ വോളന്റിയർമാരും മറ്റു കമ്മിറ്റി അംഗങ്ങളും തുടർന്നു മെത്രാഭിഷേക ശുശ്രൂഷകൾ നടക്കുന്ന നോർത്ത് എൻഡ് സ്റ്റേഡിയം സന്ദർശിച്ച് സുരക്ഷാ ഉദ്യോഗസ്‌ഥരുമായും സ്റ്റേഡിയം അധികാരികളുമായും ചടങ്ങുകളുടെ പുരോഗതികൾ വിലയിരുത്തി.

ഒക്ടോബർ ഒമ്പതിനു നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകളിൽ പങ്കെടുക്കാൻ എത്തുന്ന ആളുകൾ മാസ് സെന്ററുകൾ മുഖേനയോ, സീറോ മലബാർ വൈദികർ മുഖേനയോ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നും വാഹനങ്ങളുടെ പാർക്കിംഗ് ഉൾപ്പടെയുള്ള കാര്യങ്ങൾ ക്രമീകരിക്കാൻ ഇതു അനിവാര്യമാണെന്നു കമ്മിറ്റിക്കുവേണ്ടി വൈദിക സെക്രട്ടറി ഫാ. ജിനോ അരീക്കാട്ട് അറിയിച്ചതായി മീഡിയ കോഓഡിനേറ്റർ ഫാ. ബിജു കുന്നക്കാട്ട് അറിയിച്ചു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ