എസ്എൻഡിപി ഡൽഹി യൂണിയന്റെ ഗുരു ജയന്തി ആഘോഷങ്ങൾ സെപ്റ്റംബർ 16ന്
Monday, August 29, 2016 5:41 AM IST
ന്യൂഡൽഹി: ശ്രീ നാരായണ ധർമ്മ പരിപാലന യോഗം ഡൽഹി യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരു ജയന്തി ആഘോഷങ്ങൾ സെപ്റ്റംബർ 16നു (വെള്ളി) രാവിലെ 4.30ന് രോഹിണി ഗുപ്ത കോളനിയിലെ ഗുരുദേവ ക്ഷേത്രത്തിൽ മഹാ ഗണപതി ഹോമത്തോടെ ആരംഭിക്കും. അഞ്ചിനു ശാന്തി ഹവനം, 6.15ന് വിശേഷാൽ ഗുരു പൂജ, ഏഴിന് ശ്രീ ശാരദാ മഠത്തിൽ പ്രത്യേക പൂജകൾ എന്നിവ നടക്കും.

ഗുരുദേവന്റെ ജനന സമയമായ രാവിലെ 6.15ന് ക്ഷേത്ര സമുച്ചയത്തിൽ 162 നിലവിളക്കുകൾ തെളിയിക്കും. അതേ സമയത്ത് ഗുരുദേവ ഭക്‌ത ജനങ്ങൾ അവരവരുടെ ഭവനങ്ങളിലും 162 മൺചെരാതുകൾ തെളിച്ചുകൊണ്ട് ഗുരുദേവന്റെ ജയന്തി ആഘോഷങ്ങളിൽ പങ്കാളികളാകും. രാവിലെ എട്ടിന് യൂണിയൻ ഓഫീസ് സമുച്ചയത്തിൽ ജയന്തി ദിന പതാക പ്രസിഡന്റ് ടി.പി. മണിയപ്പൻ ഉയർത്തും. തുടർന്നു സെക്രട്ടറി കല്ലറ മനോജ് ജ്യോതി തെളിയിക്കൽ ചടങ്ങു നടത്തും. കെ. എൻ.ഷാജിലാൽ ശാന്തിയുടെ നേതൃത്വത്തിൽ ഗുരുദേവ ഭാഗവത പാരായണവും സ്വാമിനി ശബരി ചേതന (ഗുരു ധാമം, കാഞ്ഞിരമറ്റം, എറണാകുളം) സ്വാമി നാരായണ ഋഷി (രോഹിണി ഗുരുദേവ ക്ഷേത്രം) തുടങ്ങിയവർ ജയന്തി സന്ദേശ പ്രവചനവും നടത്തും. തുടർന്നു സർവൈശ്വര്യ പൂജയോടെ നട അടയ്ക്കും. ശേഷം അന്നദാനവും നടക്കും.

വൈകുന്നേരം ബോർഡ് മെംബർ എം.കെ.അനിൽ കുമാർ ഗുപ്ത കോളനിയിലെ വിദ്യാർഥികൾക്കു നൽകുന്ന വിദ്യാഭ്യാസ സഹായ നിധിയുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്നു രോഹിണി ശാഖയുടെ നേതൃത്വത്തിൽ സാംസ്കാരിക സമ്മേളനവും കലാപരിപാടികളിലും ജയന്തി സദ്യയും നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

<ആ>റിപ്പോർട്ട്: പി.എൻ. ഷാജി