ഭക്‌തിയുടെ നിറവിൽ ജർമനിയിൽ മാതാവിന്റെ തിരുനാൾ ആഘോഷിച്ചു
Saturday, August 27, 2016 8:41 AM IST
കൊളോൺ: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ മധ്യസ്‌ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളും മുപ്പത്തിയാറാമത് ഇടവക ദിനവും ഭക്‌തിനിർഭരമായ തിരുക്കർമങ്ങളോടെ ആഘോഷിച്ചു.

ശനി വൈകുന്നേരം അഞ്ചിനു കൊളോൺ മ്യൂൾഹൈമിലെ ലീബ് ഫ്രൗവൻ ദേവാലയത്തിലാണ് തിരുനാൾ ആഘോഷങ്ങൾ നടന്നത്. ഇന്ത്യൻ കമ്യൂണിറ്റി ചാപ്ളെയിൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ കാർമികത്വത്തിൽ ലദീഞ്ഞ്, നൊവേന എന്നിവയ്ക്കുശേഷം പ്രസുദേന്തി ടോമി തടത്തിലിന്റെ നേതൃത്വത്തിൽ കൊടിയും വഹിച്ച് മുൻ പ്രസുദേന്തിമാരെയും സമൂഹത്തേയും സാക്ഷിനിർത്തി കൊടിയേറ്റിയതോടെ രണ്ടുദിവസത്തെ തിരുനാളിനു തുടക്കം കുറിച്ചു. തുടർന്നു നടന്ന വിശുദ്ധ കുർബാനക്ക് ഫാ.ഇഗ്നേഷ്യസ് ചാലിശേരി മുഖ്യകാർമികത്വം വഹിച്ചു. ഫാ.തോമസ് ചാലിൽ സിഎംഐ, ഫാ.തോമസ് വാഴക്കാലായിൽ സിഎംഐ എന്നിവർ സഹകാർമികരായിരുന്നു.

ഞായർ രാവിലെ പത്തിനു നടന്ന ആഘോഷമായ തിരുനാൾ കുർബാനയിൽ ഫാ.ജോമോൻ മുളയരിയ്ക്കൽ, ഫാ.ജോസ്, ഫാ. ജയ്സൺ എന്നിവർക്കൊപ്പം ജർമൻ വൈദികരും സഹകാർമികരായി. ഫാ.തോമസ് വാഴക്കാലായിൽ സിഎംഐ തിരുനാൾ സന്ദേശം നൽകി. കമ്യൂണിറ്റിയുടെ ഭാഗമായ യുവജനഗായക സംഘം ആലപിച്ച ഗാനങ്ങൾ ദിവ്യബലിയെ ഭക്‌തിസാന്ദ്രമാക്കി. പ്രസുദേന്തി വാഴ്ചയിൽ ഈ വർഷത്തെ പ്രസുദേന്തിക്കൊപ്പം അടുത്ത വർഷത്തെ പ്രസുദേന്തിയായ ജോണി അരീക്കാട്ടിനെ പുഷ്പമുടിയണിയിച്ച് കത്തിച്ച മെഴുകുതിരിയും നൽകി ആശീർവദിച്ചു. ജിം ജോർജ്, ജോയൽ കുമ്പിളുവേലിൽ, ഡാനി ചാലായിൽ, വിവിയൻ അട്ടിപ്പേറ്റി, നോബിൾ കോയിക്കേരിൽ, നോയൽ എന്നിവർ ദിവ്യബലിയിൽ ശുശ്രൂഷകരായിരുന്നു.

തുടർന്നു തേക്കിൻ തടിയിൽ തീർത്ത് കേരളത്തിൽ നിന്നും കൊണ്ടുവന്ന രൂപക്കൂടിൽ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് നഗരം ചുറ്റിനടന്ന പ്രദക്ഷിണത്തിൽ ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിശ്വാസികൾ പങ്കെടുത്തു. നേർച്ച വിളമ്പിനു ശേഷം സമൂഹവിരുന്നും നടന്നു.

രണ്ടിനു ദേവാലയ അങ്കണത്തിൽ നടന്ന സമാപന സമ്മേളനം ഫാ ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, മാർക്കുസ് ഹീഗ്, ഫ്രൗ യുങ്കെ, പ്രസുദേന്തി കുടുംബങ്ങളായ ടോമി, ഫിലോ തടത്തിൽ, ജോണി, അൽഫോൻസാ അരീക്കാട്ട് എന്നിവർ ചേർന്നു ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഫാ. ഇഗ്നേഷ്യസ് ചാലിശേരി, മാർക്കുസ് ഹീഗ്, ഫ്രൗ യുങ്കെ എന്നിവർ സംസാരിച്ചു. ജോയിസ് കുന്നച്ചേരിൽ പ്രാർഥന ഗാനം ആലപിച്ചു.

തുടർന്നു നടന്ന വിവിധ കലാപരിപാടികൾ തിരുനാളാഘോഷത്തിനു മാറ്റുകൂട്ടി. നിക്കോൾ കാരുവള്ളിൽ പരിപാടികളുടെ അവതാരകയായിരുന്നു. ജർമനിയിൽ നിന്നും കേരളത്തിലേയ്ക്കുള്ള എമിരേറ്റ്സ് എയർവേയ്സിന്റെ ഒരു ടു ആൻഡ് ഫ്രോ എയർടിക്കറ്റ് (ഒന്നാം സമ്മാനം) ഉൾപെടെ ആകർഷകങ്ങളായ 10 സമ്മാനങ്ങളോടുകൂടിയ ലോട്ടറിയുടെ നറുക്കെടുപ്പും നടത്തി. ജർമനിയിലെ പ്രമുഖ ട്രാവൽ ഏജൻസി വുപ്പർത്താലിലെ ലോട്ടസ് ട്രാവൽസ് സ്പോൺസർ ചെയ്ത ഒന്നാം സമ്മാനമായ എയർ ടിക്കറ്റ് ലോട്ടസ് ട്രാവൽസ് എംഡി സണ്ണി തോമസ് കോട്ടയ്ക്കമണ്ണിൽ സമ്മേളനത്തിൽ കൈമാറി. ലോട്ടറിയിൽ വിജയികളായവർക്കുള്ള മറ്റു സമ്മാനങ്ങൾ മാർക്കൂസ് ഹീഗ് വിതരണം ചെയ്തു.

തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിച്ച 19 കമ്മിറ്റികളിലായി നൂറ്റിമുപ്പതിലേറെ വരുന്ന കമ്മിറ്റിയംഗങ്ങൾക്കു പുറമേ കമ്യൂണിറ്റിയുടെ കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ ഡേവീസ് വടക്കുംചേരി, കമ്മിറ്റിയംഗങ്ങളായ മേഴ്സി തടത്തിൽ (സെക്രട്ടറി), ആന്റണി സഖറിയ, ഷീബ കല്ലറയ്ക്കൽ, എൽസി വേലൂക്കാരൻ, സാബു കോയിക്കേരിൽ, ബെന്നിച്ചൻ കോലത്ത്, ജോസ് കുറുമുണ്ടയിൽ, ബേബി നെടുംങ്കല്ലേൽ എന്നിവർ പ്രവർത്തിച്ചു.

തിരുനാളിന്റെ പങ്കെടുത്തവർക്കും വിജയത്തിനായി അക്ഷീണം പ്രവർത്തിച്ചവർക്കും ടോമി തടത്തിൽ നന്ദി പറഞ്ഞു. നിയുക്‌ത പ്രസുദേന്തി ജോണി അരീക്കാട്ട് വരുംവർഷത്തെ തിരുനാളിന് എല്ലാവരുടെയും സഹകരണം അഭ്യർഥിച്ചു. തുടർന്നു ഫാ. ഇഗ്നേഷ്യസ് കൊടിയിറക്കിയതോടെ ഈ വർഷത്തെ തിരുനാളിനു സമാപനമായി.

2017 ലെ പെരുനാൾ ജൂലൈ എട്ട്, ഒമ്പത് തീയതികളിൽ നടക്കുമെന്ന് ഇഗ്നേഷ്യസച്ചൻ അറിയിച്ചു.

ഫോട്ടോ ലിങ്ക്: https://goo.gl/photos/tdbKGPGTXV6HsUqg6

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ
<ശാഴ െൃര=/ിൃശ/2016മൗഴൗെേ27സീഹീിി.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>