ബുർഖയ്ക്ക് ഭാഗിക നിരോധനം വേണം: തോമസ് ഡി മെയ്സ്യർ
Saturday, August 20, 2016 8:41 AM IST
ബർലിൻ: രാജ്യത്ത് ബുർഖ ഭാഗികമായി നിരോധിക്കണമെന്നു ജർമൻ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യർ. ഓഗസ്റ്റ് 19നു ജർമനിയിലെ സംസ്‌ഥാന ആഭ്യന്തരമന്ത്രിമാരുടെയും വിവിധ കക്ഷി നേതാക്കളുടെയും സംയുക്‌ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മെയ്സ്യർ. ജർമനിയിലെ തുറന്ന സമൂഹത്തിനു ചേരുന്ന വേഷമല്ല ഇതെന്നും സാമൂഹിക ഐക്യത്തിനു മുഖം കാണിക്കുക എന്നത് അനിവാര്യമാണെന്നും മെയ്സ്യർ പറഞ്ഞു.

മുഖം പൂർണമായി മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണം മാത്രമാണ് ഒഴിവാക്കാൻ ഉദ്ദേശിക്കുന്നതെന്നും രാജ്യത്ത് ബുർഖ ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം സംബന്ധിച്ച കൃത്യമായ കണക്കൊന്നും ലഭ്യമല്ല. അധികം ആരും ഉപയോഗിക്കുന്നുമില്ല. ജനങ്ങളുടെ സുരക്ഷിതത്വം കണിക്കലെടുത്തുകൊണ്ടുള്ള ഈ നടപടി ഒരിക്കലും ഒരു മതവിഭാഗത്തെ അപമാനിക്കലല്ലെന്നും മെയ്സ്യർ ചൂണ്ടിക്കാട്ടി.

ആരും മുഖം മറച്ചു നടക്കരുതെന്നാണ് ആഹ്വാനം. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, നഴ്സറികൾ, പബ്ലിക് ഓഫീസുകൾ എന്നിവിടങ്ങളിലും ഡ്രൈവ് ചെയ്യുന്ന സമയത്തും ബുർഖ ഒഴിവാക്കുക എന്ന തരത്തിലുള്ള നിരോധനമാണ് ഉദ്ദേശിക്കുന്നത്.

യോഗത്തിൽ ഐക്യകണ്ഠേന തീരുമാനമാനം ഉണ്ടായെങ്കിലും ജർമൻ പാർലമെന്റിന്റെ അംഗീകാരത്തോടെ മാത്രമേ ഇങ്ങനെയൊരു നിയമം നടപ്പാക്കാൻ കഴിയൂ. എന്നാൽ, ഇക്കാര്യത്തിൽ ഭരണ മുന്നണിയിൽ ഇനിയും അഭിപ്രായ ഐക്യം രൂപീകരിക്കാനും കഴിഞ്ഞിട്ടില്ല. ആ കടമ്പകൂടി കഴിഞ്ഞാൽ മാത്രമേ പാർലമെന്റിൽ വിഷയം ചർച്ചയ്ക്കു എടുക്കുകയുള്ളു. എന്തായാലും ഭാവിയിൽ തീരുമാനം നടപ്പാക്കാനാണ് തീരുമാനം.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ