ഐഎസിന്റെ ജർമനിയിലെ പ്രവർത്തനങ്ങളുടെ ചുരുളഴിയുന്നു
Friday, August 5, 2016 8:16 AM IST
ബർലിൻ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ജർമനിയിലെ പ്രവർത്തന രീതികളുടെ ചുരുളഴിയുന്നു. ജയിലിലായിരുന്ന ഒരു ജിഹാദിസ്റ്റിൽനിന്നാണ് വിലപ്പെട്ട വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇതു പുറത്തുവിട്ടതാകട്ടെ ന്യൂയോർക്ക് ടൈംസ്.

ഹാരി സാർഫോ എന്ന മുൻ ജിഹാദിസ്റ്റാണ് വെളിപ്പെടുത്തൽ നടത്തിയത്. ജർമനിക്കാരനായ ഇയാൾ സിറിയയിൽ പോയി ഐഎസിൽ ചേരുകയായിരുന്നു. എന്നാൽ, സംഘടനയുടെ ക്രൂരകൃത്യങ്ങളിൽ സഹികെട്ട് കഴിഞ്ഞ വർഷം മടങ്ങിപ്പോന്നു.

ഐഎസിന്റെ ഇന്റലിജൻസ് വിഭാഗമായ എംനിയാണ് യൂറോപ്പിലാകമാനം ഭീകരാക്രമണങ്ങൾ ഏകോപിപ്പിക്കുന്നതെന്നാണ് ഇയാൾ നൽകിയ വിവരങ്ങളിൽ ഏറ്റവും പ്രധാനം. സിറിയക്കാരനായ അബു മുഹമ്മദ് അൽ അദ്നാനിയാണ് ഇതിന്റെ തലവൻ.

ഐഎസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ പോലീസ് സേന പോലെയാണ് എംനി പ്രവർത്തനം തുടങ്ങിയതത്രെ. ഇവരിപ്പോൾ ചെറിയ യൂണിറ്റുകൾ രൂപീകരിച്ചാണ് ആക്രമണങ്ങൾ സംഘടിപ്പിച്ചു വരുന്നത്. ദേശീയതയും ഭാഷയും അടിസ്‌ഥാനമാക്കിയാണ് ഇത്തരം യൂണിറ്റുകൾ രൂപീകരിക്കുന്നതെന്നാണ് വിവരം.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ