റഷ്യയ്ക്ക് ഐഎസ് ഭീഷണി; തിരിച്ചടിക്കുമെന്നു പുടിൻ
Tuesday, August 2, 2016 8:21 AM IST
മോസ്കോ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ അടുത്ത ലക്ഷ്യം റഷ്യയായിരിക്കും എന്ന മുന്നറിയിപ്പുമായി പുതിയ വീഡിയോ പുറത്തിറങ്ങി. പ്രസിഡന്റ് വ്ളാഡിമിർ പുടിനെ വീട്ടിൽ കയറി വധിക്കുമെന്നാണ് ഇതിലെ മുന്നറിയിപ്പ്. ഒമ്പത് മിനിറ്റു ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. സായുധരായ ഭീകരർ ടെന്റുകളെ ലക്ഷ്യമാക്കി ആക്രമണം നടത്തുന്നതും ഇതിൽ ചിത്രീകരിച്ചിരിക്കുന്നു.

മരുഭൂമിയിലൂടെ ഡ്രൈവു ചെയ്യുന്ന ഭീകരനാണ് കാമറയെ നോക്കി സംസാരിക്കുന്നത്. എന്നാൽ, എന്തുകൊണ്ട് റഷ്യയെയോ പുടിനെയോ ലക്ഷ്യമിടുന്നു എന്നു വീഡിയോയിൽ ഒരിടത്തും വ്യക്‌തമാക്കുന്നില്ല.

ഇതിനിടെ, ഐഎസിന്റെ പ്രചാരണ മാസികയായ ദാബിഖ് പുറത്തിറങ്ങിയിട്ടുണ്ട്. ക്രിസ്ത്യൻ വിരുദ്ധ പരാമർശങ്ങളാണ് ഈ ലക്കത്തിൽ സമൃദ്ധമായി ഉപയോഗിച്ചിരിക്കുന്നത്.

എന്നാൽ ഈ വിരട്ടലുകൊണ്ടൊന്നും റഷ്യ ഭയക്കില്ലെന്നും രാജ്യത്തെ തൊട്ടാൽ 30 മിനിറ്റിനുള്ളിൽ ഐഎസിനെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കുമെന്നും പുടിൻ തിരിച്ചടിച്ചു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ