ക്രമസമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ല: പീറ്റർ ഡോസ്കൊസിൽ
Monday, July 25, 2016 5:44 AM IST
വിയന്ന: തുർക്കിയിലെ വിഫലമായ പട്ടാള അട്ടിമറിയെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ വിഭാഗങ്ങൾ ഓസ്ട്രിയൻ തലസ്‌ഥാനമായ വിയന്നയിൽ നടത്തിയ പ്രകടനത്തിൽ ഒരു റസ്റ്ററന്റിന്റെ ചില്ലു തകർക്കുകയും സപ്ലയറെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരേ ശക്‌തമായ നടപടി എടുക്കുമെന്നു ആഭ്യന്തര മന്ത്രി ഹാൻസ് പീറ്റർ ഡോസ്കൊസിൽ വ്യക്‌തമാക്കി.

മരിയ ഹിൽഫർ ട്രാസയിൽ നടന്ന പ്രകടനത്തിനിടെ അക്രമികൾ ഹോട്ടൽ തല്ലി തകർക്കുകയും കുർദുകാരനായ സപ്ലയറെ ആക്രമിച്ചുകൊണ്ട് കുർദ് തീവ്രവാദി എന്നു ആക്രോശിക്കുകയും ചെയ്തു. ഇതിനെതിരേ ഉടനടി പോലീസ് നടപടി സ്വീകരിക്കുമെന്നു മന്ത്രി വ്യക്‌തമാക്കി.

അതേസമയം, തുർക്കികളുടെ ആക്രമണത്തിനെതിരെ വിവിധ രാഷ്ര്‌ടീയ പാർട്ടികൾ രംഗത്തു വന്നു. തീവ്ര വലതുപക്ഷ പാർട്ടിയായ ഫ്രീഡം പാർട്ടിയുടെ പ്രസിഡന്റ് സ്‌ഥാനാർഥി നോബേർട്ട് ഹോഫർ തുർക്കി രാഷ്ര്‌ടീയം ഓസ്ട്രിയൻ തെരുവുകളിലിറക്കുന്നതിലെ ആശങ്ക വ്യക്‌തമാക്കിയപ്പോൾ ഗ്രീൻ പാർട്ടി വക്‌താവ് പീറ്റർ പില്സ്, എർദോഗന്റെ അനുയായികൾ യൂറോപ്പിലേക്ക് അക്രമം ഇറക്കുമതി ചെയ്താൽ യൂറോപ്യൻ യൂണിയനിലേക്കുള്ള തുർക്കിയുടെ അംഗത്വം സ്വപ്നമായി അവശേഷിപ്പിക്കുമെന്നു ഓർമിപ്പിച്ചു.

ഓസ്ട്രിയൻ വിദേശകാര്യ മന്ത്രി സെബാസ്റ്റ്യൻ കുർസ് തുർക്കികളുടെ ആക്രമണത്തെ അപലപിക്കുകയും പ്രവാസ രാജ്യത്തോടു വിശ്വസ്തതയുള്ളവരായിരിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു.

2,80,000 തുർക്കികളാണ് ഓസ്ട്രിയയിലുള്ളത്. ഇതിൽ 1,50,000 പേരും തുർക്കി പൗരന്മാരാണ്. 70 ശതമാനം പേരാകട്ടെ കഴിഞ്ഞ പ്രാവശ്യത്തെ തെരഞ്ഞെടുപ്പിൽ എർദോഗന് അനുകൂലമായി വോട്ടു ചെയ്തവരുമാണ്.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ