ഐഡി കാർഡ് കാണിക്കാൻ വിസമ്മതിച്ച യുവതിക്ക് 8500 യൂറോ പിഴ
Friday, July 22, 2016 8:20 AM IST
ബെർലിൻ: കാർ പാർക്കിംഗ് ഏരിയയിലെ ചെറിയ അപകടത്തിനുശേഷം കടന്നു കളയാൻ ശ്രമിച്ച യുവതിയെ പോലീസ് തടഞ്ഞു. ഐഡി കാർഡ് ചോദിച്ചപ്പോൾ, യൂണിഫോമിലല്ലാതിരുന്ന പോലീസുകാരനെ മനസിലാകാതെ ഇടിച്ചിട്ടു രക്ഷപെടാനും ശ്രമം. ഒടുവിൽ 8500 യൂറോ പിഴയും ചുമത്തപ്പെട്ട് കുടുങ്ങിയ അവസ്‌ഥയിലാണ് യുവതി.

കാറിന്റെ ഡോർ കാറ്റത്ത് തുറന്ന് അടുത്തു കിടന്ന വാഹനത്തിൽ തട്ടി എന്ന നിസാര പ്രശ്നം മാത്രമാണ് ആദ്യമുണ്ടായിരുന്നത്. എന്നാൽ, കുഴപ്പമൊന്നുമില്ലെന്നു മനസിലാക്കി സ്‌ഥലം വിടാനായിരുന്നു യുവതിയുടെ ശ്രമം.

ഈ സമയത്താണ് പോലീസുകാരൻ ജോഗിംഗ് വേഷത്തിൽ അതുവഴി വരുന്നത്. തന്റെ ഐഡി കാണിച്ചിട്ടും ഇയാൾ പോലീസാണെന്നു വിശ്വസിക്കാൻ യുവതി കൂട്ടാക്കിയില്ലത്രേ. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാൽ ഐഡി കാർഡ് അടക്കം ഒരു രേഖയും കാണിക്കാൻ തയാറല്ലെന്നുമുള്ള നിലപാടിലായിരുന്നു യുവതി.

ഇവർ രക്ഷപെടാൻ ശ്രമിച്ചപ്പോൾ പോലീസുകാരനും തട്ടു കിട്ടിയ വാഹനത്തിന്റെ ഉടമയും ചേർന്നു തടയാൻ ശ്രമിച്ചു. ഇതിനിടെ യുവതിയുടെ കാർ തട്ടു കിട്ടിയ കാറിന്റെ ഉടമയെയും ഇടിച്ചിട്ടു.

സംഭവം കോടതിയിലെത്തിയതോടെ, തെറ്റു പറ്റിയതായി പ്രതി സമ്മതിച്ചു. 5600 യൂറോ പിഴയടയ്ക്കാൻ കോടതി വിധിച്ചെങ്കിലും തട്ടു കിട്ടിയ ആൾ വഴങ്ങാത്തതു കാരണം 8500ലേക്ക് ഉയർത്തുകയായിരുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ