ബ്രിട്ടനിലെ മെർക്കലാകുമോ തെരേസ മെ?
Thursday, July 14, 2016 8:19 AM IST
ലണ്ടൻ: തെരേസ മേ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്‌ഥാനമേറ്റപ്പോൾ ഏറ്റവും എളുപ്പമുള്ള താരതമ്യം ജർമൻ ചാൻസലർ ആംഗല മെർക്കലുമായാണ്. ജർമനിയിലെ അനിഷേധ്യ നേതാവെന്ന സ്‌ഥാനം കൈയാളുന്ന മെർക്കലിന്റെ പ്രഭാവം തെരേസയ്ക്കും ആർജിക്കാൻ സാധിക്കുമോ എന്നാണു രാഷ്ര്‌ടീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

ഹോം സെക്രട്ടറി എന്ന നിലയിൽ നടത്തിയ ശക്‌തമായ പ്രവർത്തനങ്ങൾ തെരേസ എന്ന ഭരണകർത്താവിന്റെ കരുത്തു തെളിയിച്ചതു തന്നെയാണ്. ഇതാണ് മെർക്കലുമായുള്ള താരതമ്യങ്ങളിലേക്കു നയിക്കുന്നതും. ഇംഗ്ലിഷ് മെർക്കൽ എന്നും ബ്രിട്ടീഷ് മെർക്കൽ എന്നുമൊക്കെയുള്ള വിശേഷണങ്ങൾ ഇതിനകംതന്നെ മാധ്യമങ്ങളിൽ പ്രത്യക്ഷമായിക്കഴിഞ്ഞു.

എന്നാൽ, സ്ത്രീയെന്ന നിലയിൽ മാത്രം ഇത്തരം താരതമ്യങ്ങൾ നടത്തുന്നത് ഉചിതമല്ലെന്ന വാദവും ശക്‌തമായി ഉയരുന്നു. ജർമൻ ചാൻസലറായിരുന്ന ജെറാർഡ് ഷ്രോയ്ഡറുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറുടെയും ഹെയർ കട്ടും വേഷവിധാനങ്ങളും താരതമ്യം ചെയ്യാൻ ആരും ശ്രമിച്ചിട്ടില്ല. പിന്നെന്തിന് മെർക്കലിന്റെയും തെരേസയുടെയും ഹെയർകട്ടും ഫാഷൻ സെൻസും താരതമ്യം ചെയ്യുന്നു എന്നാണ് ഇവർ ചോദിക്കുന്നത്.

സമൂഹത്തിലെ സ്ത്രീ വിവേചനം മാത്രമാണ് ഇത്തരം താരതമ്യങ്ങളിൽ ഇപ്പോൾ നിഴലിച്ചു നിൽക്കുന്നത് എന്നതാണു വിലയിരുത്തൽ.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ