വടക്കൻ നോർവേയിൽ ഭൂരിപക്ഷവും യൂറോപ്യൻ യൂണിയനെതിര്
Thursday, July 14, 2016 8:18 AM IST
ഓസ്ലോ: വടക്കൻ നോർവേക്കാരിൽ 74 ശതമാനം പേരും രാജ്യം യൂറോപ്യൻ യൂണിയൻ അംഗത്വം എടുക്കുന്നതിന് എതിരാണെന്നു സർവേ ഫലം. 14 ശതമാനം പേർ മാത്രമാണ് അംഗത്വം എടുക്കണമെന്നു വ്യക്‌തമായി ആവശ്യപ്പെടുന്നത്. അറിയില്ലെന്ന മറുപടിയാണ് 13 ശതമാനം പേർ നൽകിയത്.

ഉദ്യോഗസ്‌ഥ മേധാവിത്വത്തിന്റെ അതിപ്രസരമാണ് ഇവിടെ ഏറെപ്പേരെയും യൂറോപ്യൻ യൂണിയൻ സംവിധാനത്തിന് എതിരാക്കുന്നതെന്നാണു സർവേയിൽ വ്യക്‌തമാകുന്നത്.

1994 ൽ നടത്തിയ ജനഹിത പരിശോധനയിലും വടക്കൻ നോർവീജിയൻ ജനത അംഗത്വത്തിനെതിരേ വിധിയെഴുതിയിരുന്നു. അന്ന് 71.4 ശതമാനം പേരും അംഗത്വത്തെ എതിർത്തപ്പോൾ 28.6 ശതമാനം പേർ മാത്രമാണ് അനുകൂലിച്ചത്. എന്നാൽ, രാജ്യതലത്തിൽ 52.2 ശതമാനം പേർ മാത്രമേ എതിർത്തിരുന്നുള്ളൂ. 47.8 ശതമാനം പേർ മാത്രം അനുകൂലിച്ചതിനാൽ നോർവേ യൂറോപ്യൻ യൂണിയൻ അംഗത്വത്തിനു ശ്രമിച്ചതുമില്ല.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ