ഹിറ്റ്ലറുടെ ജന്മഗൃഹം പിടിച്ചെടുക്കാൻ അനുമതി
Wednesday, July 13, 2016 8:16 AM IST
ബെർലിൻ: അഡോൾഫ് ഹിറ്റ്ലറുടെ ജന്മഗൃഹം സ്വകാര്യ വ്യക്‌തിയിൽനിന്നു പിടിച്ചെടുക്കാൻ നഗരസഭാ അധികൃതർക്ക് ഓസ്ട്രിയൻ സർക്കാർ അനുമതി നൽകി.

1972 മുതൽ സർക്കാർ ഈ കെട്ടിടം വാടകയ്ക്കെടുത്ത് വികലാംഗരെ പുനരധിവസിപ്പിക്കാൻ ഉപയോഗിച്ചു വരുകയായിരുന്നു. അഞ്ചു വർഷം മുൻപാണ് ഇതിന്റെ കാര്യത്തിൽ തർക്കം തുടങ്ങിയത്. അറ്റകുറ്റപ്പണികൾ നടത്താനുള്ള അധികൃതരുടെ ശ്രമങ്ങൾ ഉടമ തടഞ്ഞതോടെ തർക്കം രൂക്ഷമായി.

800 സ്ക്വയർ മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിന് സർക്കാർ പ്രതിമാസം 4800 യൂറോ വാടക നൽകിവരുന്നു. ഇതു വിലയ്ക്കു വാങ്ങാൻ നാളുകളായി സർക്കാർ ശ്രമിച്ചു വരുകയാണെങ്കിലും ഉടമ വഴങ്ങിയിരുന്നില്ല.

ഇതിനിടെ, കെട്ടിടം ഭാവിയിൽ ഏതു രീതിയിൽ ഉപയോഗിക്കണമെന്നു തീരുമാനിക്കാൻ ചരിത്രകരാൻമാരുടെ ഒരു സമിതിയെയും സർക്കാർ നിയോഗിച്ചു കഴിഞ്ഞു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ