ബ്രിട്ടനെ പിന്തുടരുമോ നെതർലൻഡ്സ്
Wednesday, July 13, 2016 8:15 AM IST
ആംസ്റ്റർഡാം: യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കാനുള്ള ബ്രിട്ടീഷ് ജനതയുടെ തീരുമാനം ഡച്ച് ജനതയും പിന്തുടരുമോ എന്ന ചോദ്യം യൂറോപ്യൻ യൂണിയനുള്ളിൽ പുതിയ ആശങ്കകളുണർത്തി കരുത്താർജിക്കുന്നു. നെതർലൻഡ്സിൽ നടക്കാനിടയുള്ള നെക്സിറ്റ് ഹിതപരിശോധനയാണ് ഇനി യൂറോപ്പ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

നെതർലൻഡ്സിലെ യൂറോ വിരുദ്ധ കക്ഷിയായ ഫ്രീഡം പാർട്ടി നേതാവ് ഗീർട്ട് വൈൽഡേഴ്സാണ് ബ്രെക്സിറ്റ് ഫലത്തെ ആദ്യമായി പ്രശംസിച്ച പ്രമുഖ യൂറോപ്യൻ രാഷ്ര്‌ടീയക്കാരിൽ ഒരാൾ. നെതർലൻഡ്സിൽ നെക്സിറ്റ് പ്രചാരണത്തിനു നേതൃത്വം നൽകുന്നവരിൽ പ്രമുഖനും അദ്ദേഹം തന്നെ.

കുടിയേറ്റത്തെക്കുറിച്ചുള്ള ആശങ്കകളും യൂറോപ്യൻ യൂണിയനിലെ ഉദ്യോഗസ്‌ഥ മേധാവിത്വത്തിലുള്ള അമർഷവുമാണ് നെതർലൻഡ്സിലെ യൂറോവിരുദ്ധ വികാരത്തിനു പിന്നിൽ.

അതേസമയം, ബ്രിട്ടനിലേതു പോലെ എളുപ്പത്തിൽ ഒരു ഹിതപരിശോധന ഈ വിഷയത്തിൽ നെതർലൻഡ്സിൽ നടത്താനാവില്ല എന്നതും വസ്തുതയാണ്. ഇവിടെ ഹിതപരിശോധനാ ഫലങ്ങൾക്ക് ഉപദേശ സ്വഭാവമേയുള്ളൂ. നടപ്പാക്കണമെന്നു നിർബന്ധമില്ല.

ഇതും പോരാഞ്ഞ്, പുതിയ നിയമ നിർമാണത്തെക്കുറിച്ച് അഭിപ്രായം അറിയാൻ മാത്രമേ ഹിതപരിശോധന നടത്താനാവൂ. മുൻപ് ഒപ്പുവച്ച കരാറുകളിൽ നടത്താൻ വ്യവസ്‌ഥയില്ല. ഇതെല്ലാം മറികടന്ന് ഹിതപരിശോധന നടത്തണമെങ്കിൽ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ഇതു സംഭവിക്കണമെങ്കിൽ അടുത്ത പൊതു തെരഞ്ഞെടുപ്പിൽ വൈൽഡേഴ്സിന്റെ ഫ്രീഡം പാർട്ടി അധികാരത്തിൽ വരുകയും വേണം.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ