കരുണയുടെ വാതിൽ കടക്കാൻ ആയിരങ്ങൾ എയിൽസ്ഫോർഡിലേക്ക്
Saturday, July 9, 2016 5:38 AM IST
ലണ്ടൻ: കരുണയുടെ വർഷത്തിൽ പൂർണദണ്ഡവിമോചനം നേടുന്നതിനായി എയിൽഫോർഡിൽ ജൂലൈ 10നു (ഞായർ) നടക്കുന്ന തിരുനാളിൽ പങ്കെടുക്കാനെത്തുന്ന യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിനു വിശ്വാസികൾക്കായി എയിൽസ്ഫോർഡ് പ്രയറിയിൽ കരുണയുടെ വാതിൽ ഒരുക്കിയിട്ടുണ്ട്.

പ്രാർഥനയ്ക്കായി നിരവധി ആളുകളാണ് ദിവസവും ഈ തീർഥാടനകേന്ദ്രത്തിൽ എത്തിച്ചേരുന്നത്. പരിശുദ്ധ ദൈവ മാതാവിന്റെ നാമധേയത്തിലുള്ള ഈ ദേവാലയത്തിൽ വിശുദ്ധ സൈമൺ സ്റ്റോക്കിന്റെ തിരുശേഷിപ്പ് സ്‌ഥാപിച്ചിരിക്കുന്ന പ്രത്യേക ചാപ്പലുണ്ട്. ഇവിടെ വച്ചാണ് പരിശുദ്ധ കന്യമറിയം സൈമൺ സ്റ്റോക്കിനു വെന്തിങ്ങ നൽകിയതായി പറയപ്പെടുന്നത്.

മേളപ്പെരുമയ്ക്കായ് സംഗീത ഓഫ് ദ യുകെയുടെ ചെണ്ടമേളം ഒരുങ്ങിക്കഴിഞ്ഞു. ഈ വർഷത്തെ തിരുനാളിനു വിവിധ സ്‌ഥലങ്ങളിൽ നിന്നായ് ഇരുനൂറോളം പ്രസുദേന്തിമാർ അണിനിരക്കുമ്പോൾ ഭക്‌തി നിർഭരമായ തിരുനാൾ കർമങ്ങൾക്ക് എയിൽസ്ഫോർഡ് സാക്ഷിയാകും.

ഞായർ ഉച്ചകഴിഞ്ഞ് 1.30ന് കൊന്താരാമത്തിലൂടെയുള്ള കൊന്തപ്രദക്ഷിണം ആരംഭിക്കും. തുടർന്നു പിതാക്കന്മാർക്കും വിശിഷ്‌ടാഥിതികൾക്കും സ്വീകരണം നൽകും. തുടർന്നു നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് മാർ ജോസഫ് അരുമച്ചാടത്ത് കാർമികത്വം വഹിക്കും. ബിഷപ് പോൾ മേസൺ തിരുനാൾ സന്ദേശം നൽകും. തുടർന്നു നടക്കുന്ന പ്രദക്ഷിണത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുശേഷിപ്പു വഹിച്ചുകൊണ്ട് വൈദികർ അണിനിരക്കും. തിരുശേഷിപ്പു വണങ്ങുന്നതിനും സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

തിരുനാളിലും സ്നേഹവിരുന്നിലും പങ്കെടുത്ത് കൂട്ടായ്മയുടേയും സ്നേഹത്തിന്റേയും ദൈവാനുഗ്രഹത്തിന്റേയും അനുഭവം പങ്കുവയ്ക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ സഭയുടെ സതക് അതിരൂപത ചാപ്ലെയിൻ ഫാ. ഹാൻസ് പുതിയാകുളങ്ങര അറിയിച്ചു.

<ആ>റിപ്പോർട്ട്: ജോയിസ് ജയിംസ് പള്ളിക്കമ്യാലിൽ