ബ്രെക്സിറ്റ്: ഇന്ത്യക്കാർക്കു വീസ ലഭ്യമാക്കാൻ ബ്രിട്ടന്റെ പുതിയ പരിഷ്കാരങ്ങൾ
Thursday, July 7, 2016 8:31 AM IST
ലണ്ടൻ: ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ വാണിജ്യ, ടൂറിസം രംഗങ്ങളിലടക്കം വീസ നിയമങ്ങളിൽ അയവു വരുത്തി കുറഞ്ഞ ചെലവിൽ ദീർഘകാല വീസകൾ ഇന്ത്യൻ പൗരൻമാർക്ക് നൽകാനുള്ള പദ്ധതികൾ രൂപപ്പെടുത്താൻ ബ്രിട്ടീഷ് സർക്കാർ ഒരുങ്ങുന്നു.

ബ്രെക്സിറ്റ് ഭാവിയിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തുമെന്നുള്ളതിനെ കുറിച്ച് കൃത്യമായ ഒരു ധാരണ സണ്ടഷ്‌ടിക്കാൻ ബ്രിട്ടനു സാധിച്ചിട്ടില്ലെങ്കിലും വാണിജ്യരംഗത്തെ തകർച്ച രാജ്യം മുൻകൂട്ടി കാണുന്നുണ്ട്. അതുകൊണ്ടു തന്നെ അതിനെ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണു പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്. ബ്രിട്ടന്റെ ഈ നടപടിയിൽ ഏറ്റവും നേട്ടമുണ്ടാക്കാൻ സാധിക്കുന്നത് ഇന്ത്യക്കാർക്കായിരിക്കും.

നിലവിൽ ചൈനീസ് ജനതയ്ക്ക് ബ്രിട്ടൻ നൽകി വരുന്ന ഇളവ് ഇന്ത്യക്കാർക്കും ബാധകമാക്കാനാണു യുകെ സർക്കാർ ശ്രമങ്ങൾ തുടങ്ങിയിരിക്കുന്നത്. 87 പൗണ്ടിനാണ് യുകെ വീസ ചൈനക്ക് രണ്ടു വർഷത്തേക്ക് നൽകി വരുന്നത്. ഇതേ തുകയ്ക്ക് ഇന്ത്യക്കാർക്കും വീസ ലഭ്യമാക്കും. രണ്ടു വർഷത്തേക്കാണെങ്കിൽ ഇന്ത്യാക്കാർക്ക് 330 പൗണ്ടാണ് ഇപ്പോഴത്തെ വീസ ഫീസ്.

ബ്രിട്ടനിലേക്കുള്ള ഇന്ത്യക്കാരുടെ ഒഴുക്കു കുറഞ്ഞതു മൂലം വാണിജ്യരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന തിരിച്ചടിയുടെ അടിസ്‌ഥാനത്തിലാണ് പുതിയ തിരുമാനം. ചൈനയുമായി കൂടുതൽ അടുത്ത ബന്ധം സ്‌ഥാപിക്കാൻ ചൈനാക്കാർക്ക് ഇപ്പോൾ പല ഇളവുകളും ബ്രിട്ടൻ നൽകുന്നുണ്ട്. രണ്ടു വർഷത്തിനിടയിൽ പല സമയങ്ങളിലായി രാജ്യത്ത് വന്നു പോകാൻ ഇന്ത്യക്കാർക്ക് അവസരമുണ്ടാക്കുന്നു എന്ന സന്ദേശം നൽകുന്നതിനു കൂടിയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നു ബ്രിട്ടീഷ് വിദേശകാര്യ വകുപ്പു വ്യക്‌തമാക്കി. ബ്രെക്സിറ്റിനുശേഷം ബ്രിട്ടീഷ് കറൻസിയായ പൗണ്ടിൽ ഉണ്ടായ തകർച്ച ബ്രിട്ടനിലേക്ക് കൂടുതൽ ഇന്ത്യൻ ബിസിനസുകാരെ എത്തിക്കുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ