ഇന്ത്യൻ കമ്പനികൾക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തു ഹംഗറി
Thursday, July 7, 2016 8:20 AM IST
ബുഡാപെസ്റ്റ്: ബ്രെക്സിറ്റിനെത്തുടർന്നു ബ്രിട്ടൻ വിടാൻ തയാറാകുന്ന ഇന്ത്യൻ കമ്പനികൾക്കു നികുതി ഉളവ് ഉൾപ്പെടെ നിരവധിയായ ആനുകൂല്യങ്ങൾ നൽകാൻ തയാറാണെന്ന വിഗ്ദാനവുമായി ഹംഗറി രംഗത്ത്.

യൂറോപ്യൻ യൂണിയന്റെ നയരൂപീകരണം കാത്തു നിൽക്കാതെ സ്വന്തം നിലയിൽ രാജ്യത്തിന്റെ വളർച്ച ലക്ഷ്യമാക്കി പുതിയ പങ്കാളികളെ കണ്ടെത്തുവാൻ ഹംഗറി ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഹംഗറി വിദേശകാര്യ മന്ത്രി പീറ്റർ സിജാർതോ ന്യൂഡൽഹിയിലെത്തി ചർച്ച നടത്തിയപ്പോഴാണ് ഇന്ത്യൻ കമ്പനികളെ സ്വാഗതം ചെയ്തത്.
ബ്രിട്ടൻ വിട്ട് ഹംഗറിയിൽ നിക്ഷേപം നടത്താൻ തയാറാകുന്ന ഇന്ത്യൻ കമ്പനികൾക്ക് ഏതു രീതിയിലുള്ള ആനുകൂല്യവും സബ്സിഡിയും നൽകാമെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഹംഗറി നല്ല നിക്ഷേപ മേഖലയാണെന്നു കണ്ട് പല ഇന്ത്യൻ കമ്പനികളും അടുത്തയിടെ ഹംഗറിയിലേക്ക് വന്നു തുടങ്ങിയിട്ടുണ്ടെന്നും പ്രാവീണ്യമുള്ള വിദഗ്ധ തൊഴിലാളികൾ രാജ്യത്ത് ഏറെയുണ്ടെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. കൂടുതൽ ആളുകൾക്ക് ജോലി നൽകുന്ന കമ്പനികൾക്ക് കൂടുതൽ നികുതി ആനുകൂല്യം നൽകുന്ന രാജ്യമാണ് ഹംഗറിയെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്സിറ്റിനു ശേഷം ഇന്ത്യ സന്ദർശിക്കുന്ന യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ആദ്യ വിദേശകാര്യ മന്ത്രിയാണ് സിജാർതോ.

മിസൈൽ ടെക്നോളജി കൺട്രോൾ റെജീമിലും (എംടിസിആർ), ആണവ വിതരണ ഗ്രൂപ്പിലും (എൻഎസ്ജി) അംഗത്വത്തിനു വേണ്ടിയുള്ള ഇന്ത്യൻ ശ്രമങ്ങൾക്ക് ശക്‌തമായ പിന്തുണ നൽകിയ രാജ്യമാണു ഹംഗറി. ബ്രെക്സിറ്റ് ഏറ്റവുമധികം ബാധിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലൊന്നാവും ഹംഗറിയെന്ന് വിലയിരുത്തപ്പെടുന്നു.

ബ്രിട്ടനിൽ ജോലി ചെയ്യുന്ന ഒരു ലക്ഷത്തോളം ഹംഗറിക്കാർക്കു മടങ്ങേണ്ടി വരുന്ന സാഹചര്യമാണ് ഹംഗറിക്കു വെല്ലുവിളിയാവുക. സാമ്പത്തിക മേഖലയിൽ ഉണ്ടായേക്കാവുന്ന തകർച്ച ഒഴിവാക്കാൻ വിദേശ നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യമാണ് അവർക്കു മുന്നിലുള്ളത്.

<ആ>റിപ്പോർട്ട്: ജോൺ കൊച്ചുകണ്ടത്തിൽ