ഇരട്ട പൗരത്വത്തിൽ പ്രതീക്ഷയർപ്പിച്ച് ബ്രിട്ടീഷുകാർ
Tuesday, July 5, 2016 8:14 AM IST
ലണ്ടൻ: ബ്രെക്സിറ്റ് പൂർണമാകുന്നതോടെ യൂറോപ്പിനുള്ളിൽനിന്ന് ബ്രിട്ടനിലേക്കുള്ള കുടിയേറ്റം നിലയ്ക്കും. അതോടൊപ്പം, ബ്രിട്ടീഷുകാർക്ക് വീസയില്ലാതെ ഇതര യൂറോപ്യൻ രാജ്യങ്ങളിലേക്കു യാത്ര ചെയ്യാനുള്ള അവസരം കൂടിയാണ് നിഷേധിക്കപ്പെടുന്നത്. ഈ പ്രതിസന്ധി മറികടക്കാൻ പലരും പ്രതീക്ഷയർപ്പിക്കുന്നത് ഇരട്ട പൗരത്വത്തിലും.

ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിലേക്കുള്ള പാലം വലിച്ചെടുക്കുന്നതു ശരിയല്ലെന്നാണ് ജർമൻ വൈസ് ചാൻസലർ സിഗ്മർ ഗബ്രിയേൽ കഴിഞ്ഞ ദിവസം പറഞ്ഞത്. ജർമനി, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ കഴിയുന്ന ബ്രിട്ടീഷ് യുവാക്കൾക്ക് ഇരട്ട പൗരത്വം നൽകാനുള്ള സാധ്യതകൾ പരിഗണിക്കണമെന്ന നിർദേശം അദ്ദേഹം തന്നെയാണ് മുന്നോട്ടു വച്ചിരിക്കുന്നത്.

ഇറ്റലിയിൽ പഠിക്കുന്ന ബ്രിട്ടീഷ് വിദ്യാർഥികൾക്ക് ഇറ്റാലിയൻ പൗരത്വം നൽകുന്നതു പരിഗണനയിലാണെന്ന് പ്രധാനമന്ത്രി മാറ്റിയോ റെൻസിയും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇരുവരും യുവാക്കളെ മാത്രം ഇക്കാര്യത്തിനു പരിഗണിക്കാൻ കാരണം, ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണം എന്നു വോട്ട് ചെയ്തവരിൽ ബഹുഭൂരിപക്ഷം യുവാക്കളായിരുന്നു എന്നതു തന്നെ.

ജർമനിയും സ്വീഡനും അടക്കമുള്ള രാജ്യങ്ങളിൽ പൗരത്വത്തിന് അപേക്ഷിക്കുന്ന ബ്രിട്ടീഷ് യുവാക്കളുടെ എണ്ണത്തിൽ കാര്യമായ വർധനയും കാണുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ