എയിൽസ്ഫോർഡ് തിരുനാൾ ജൂലൈ 10ന്; ഒരുക്കങ്ങൾ പൂർത്തിയായി
Tuesday, July 5, 2016 6:09 AM IST
ലണ്ടൻ: ഭാരത കത്തോലിക്കാ സഭയുടെ അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെ ദുക്റാനയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും തിരുനാളുകൾ സംയുക്‌തമായി ജൂലൈ 10നു (ഞായർ) പ്രസിദ്ധമായ മരിയൻ തീർഥാടന കേന്ദ്രമായ എയിൽസ്ഫോർഡ് പ്രയറിയിൽ ആഘോഷിക്കുന്നു.

തിരുനാൾ തിരുക്കർമങ്ങൾക്ക് ഭദ്രാവതി രൂപത ബിഷപ് ഡോ. ജോസഫ് അരുമച്ചാടത്ത് മുഖ്യകാർമികത്വം വഹിക്കും. സതക് അതിരൂപത സഹായ മെത്രാൻ പോൾ മേസൺ തിരുനാൾ സന്ദേശം നൽകും. സീറോ മലബാർ സഭയുടെ നാഷണൽ കോഓർഡിനേറ്റർ റവ.ഡോ. തോമസ് പാറയടിയിലും സതക് അതിരൂപതയിലെ പ്രവാസികൾക്കായുള്ള അപ്പ്സ്തോലിക് വികാരി

ഫാ. ഷാജു വർക്കിയും വിവിധ രൂപതകളിൽ നിന്നുള്ള വൈദികരും തിരുനാളിൽ
പങ്കുചേരും. തുടർന്നു തിരുനാൾ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും.
വിശുദ്ധ സെബസ്ത്യാനോസ് സഹദായോടുള്ള ആദരസൂചകമായി കഴുന്നു എടുക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന കോച്ചുകൾക്കും വാഹനങ്ങൾക്കും പാർക്ക് ചെയ്യുവാനുള്ള വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഉച്ചകഴിഞ്ഞു 1.30നാരംഭിക്കുന്ന ജപമാല പ്രദക്ഷിണത്തിലും തുടർന്നു നടക്കുന്ന ആഘോഷപൂർവമായ തിരുനാൾ കർമങ്ങളിലും പങ്കുചേർന്ന് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും ചാപ്ലെയിൻ ഫാ. ഹാൻസ് പുതിയാകുളങ്ങര സ്വാഗതം ചെയ്തു.