ബ്രക്സിറ്റ്: ഇഷ്ടമുള്ളതു മാത്രമെടുത്ത് മടങ്ങാന്‍ ബ്രിട്ടനെ അനുവദിക്കില്ല: മെര്‍ക്കല്‍
Wednesday, June 29, 2016 8:19 AM IST
ബര്‍ലിന്‍: ബ്രിട്ടന്റെ പിന്‍വാങ്ങലിനെ അതിജീവിക്കാനുള്ള കരുത്ത് യൂറോപ്യന്‍ യൂണിയനുണ്ടെന്നു ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. മടങ്ങിപ്പോകുമ്പോള്‍ ഇഷ്ടമുള്ളതൊക്കെ കൈയില്‍ കരുതാമെന്നു ബ്രിട്ടന്‍ ധരിക്കുന്നുവെങ്കില്‍ അതു നടക്കില്ലെന്നും മെര്‍ക്കലിന്റെ മുന്നറിയിപ്പ്.

ബ്രക്സിറ്റ് ഹിതപരിശോധനയുടെ പശ്ചാത്തലത്തില്‍ ചേരുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കു മുന്നോടിയായി ജര്‍മന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.

ലോകത്തിനു മുന്നില്‍ സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശേഷി യൂണിയനുണ്ട്. സമാധാനവും സമൃദ്ധിയും സുസ്ഥിരതയും ഉറപ്പാക്കാന്‍ യൂണിയനു തുടര്‍ന്നും സാധിക്കുമെന്നു മെര്‍ക്കല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബ്രിട്ടനുമായി സൌഹൃദം തുടരാന്‍തന്നെയാണ് യൂണിയനു താത്പര്യം. ഇക്കാര്യത്തില്‍ ഇരുപക്ഷത്തിനും താത്പര്യങ്ങളുണ്ട്. എന്നാല്‍, ആ ബന്ധം എങ്ങനെ വേണമെന്നതിനു ഏകപക്ഷീമായ വ്യവസ്ഥകള്‍ വയ്ക്കാന്‍ ബ്രിട്ടനെ അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍