ഇന്ത്യന്‍ വാരാഘോഷത്തില്‍ കൊളോണ്‍ കേരള സമാജത്തിന്റെ പ്രാതിനിധ്യം ശ്രദ്ധേയമായി
Wednesday, June 29, 2016 8:18 AM IST
കൊളോണ്‍: കൊളോണ്‍ നഗരത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ വാരാഘോഷത്തിനു തുടക്കമായി. കൊളോണ്‍ നഗരസഭയും ഇന്തോ-ജര്‍മന്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത് ഇന്ത്യന്‍ വാരാഘോഷം ജൂണ്‍ 24നു ആരംഭിച്ചു.

കൊളോണ്‍ നഗരസഭാ മേയര്‍ ഹെന്റിറ്റെ റെക്കര്‍, രവീഷ് കുമാര്‍ (ജനറല്‍ കോണ്‍സുല്‍, ഇന്ത്യന്‍ ജനറല്‍ കോണ്‍സുലേറ്റ്, ഫ്രാങ്ക്ഫര്‍ട്ട്), ഡോ.അന്നബെല്ലെ സ്പ്രിംഗര്‍, ഇന്തോ ജര്‍മന്‍ ഫോറം പ്രസിഡന്റ് റൂത്ത് ഹീപ്പ് എന്നിവര്‍ ചേര്‍ന്നു ഭദ്രദീപം തെളിച്ച് വാരാഘോഷം ഉദ്ഘാടനം ചെയ്തു.

അരുപ് സെന്‍ ഗുപ്ത(തബല),ഹിന്ദോള്‍ ദേബ്(സിത്താര്‍) എന്നിവരുടെ ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം, പെരാനാ പുണ്യമൂര്‍ത്തിയുടെ ശിക്ഷണത്തില്‍ ആര്‍ട്ട് അക്കാഡമിയിലെ കുട്ടികള്‍ അവതരിപ്പിച്ച ക്ളാസിക്കല്‍ ഗ്രൂപ്പ് നൃത്തം, തനുസാന്‍ ശിവരാജ് അവതരിപ്പിച്ച ക്ളാസിക്കല്‍ നൃത്തം, ഹരി ഓം മന്ദിര്‍ അവതരിപ്പിച്ച ക്ളാസിക്കല്‍ ഡാന്‍സ്, പ്രശസ്ത നര്‍ത്തകിയായ എലിന മൂലിക് അവതരിപ്പിച്ച ശാസ്ത്രീയ നൃത്തം, സിഖ് സമാജം അവതരിപ്പിച്ച ടര്‍ബാന്‍ ഡമോണ്‍സ്ട്രേഷന്‍ തുടങ്ങിയ പരിപാടികള്‍ ഉദ്ഘാടന ദിവസത്തെ സമ്പുഷ്ടമാക്കി.

മൂന്നു മണിക്കൂര്‍ നീണ്ട കലാസായാഹ്നത്തിലേക്കുള്ള പ്രവേശനം സൌജന്യമായിരുന്നു. ജര്‍മനിയിലെ രണ്ടാം തലമുറക്കായി മലയാളിയായ ജാസ്മിന്‍ പനയ്ക്കല്‍, യൂര്‍ഗന്‍ തോമസ് എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

വര്‍ഷം തോറും നടത്തുന്ന ഇന്ത്യന്‍ വാരാഘോഷം മുഖേന ഇന്ത്യയുമായും പ്രത്യേകിച്ച് കേരളവുമായും വാണിജ്യം, കലാ, സാംസ്കാരിക സാഹിത്യ രംഗങ്ങളില്‍ ജര്‍മന്‍കാര്‍ക്ക് ഒരു തുറവുണ്ടാക്കാന്‍ സാധിക്കുന്നതായി കോണ്‍സ്യൂല്‍ ജനറലും കൊളോണ്‍ സിറ്റി മേയറും അഭിപ്രായപ്പെട്ടു.

കൊളോണ്‍ നൊയെമാര്‍ക്ക്റ്റിലെ റൌട്ടന്‍സ്ട്രൌഹ് ജോസ്റ് മ്യൂസിയം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്ത്യന്‍ വാരാഘോഷത്തില്‍ കൊളോണ്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ വ്യവസായം, വിദ്യാഭ്യാസം, സാഹിത്യം, സാംസ്കാരികം, യോഗ തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകളും ചര്‍ച്ചകളും വര്‍ക്ഷോപ്പുകളും നടത്തുന്നുണ്ട്. ജര്‍മനിയിലെ അറിയപ്പെടുന്ന ചിത്രകാരനായ ജെസ്റിന്‍ പനയ്ക്കല്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. വിദഗ്ധരുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകളും കൂടിക്കാഴ്ചകളും വഴി ഇന്ത്യയുമായുള്ള സഹകരണം വര്‍ധിപ്പിക്കാനാണ് കൊളോണ്‍ സിറ്റിയുടെ ലക്ഷ്യം.

ഓഡിറ്റോറിയത്തിനു പുറത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കരകൌശലസാധനങ്ങള്‍, ആഹാര പാനീയങ്ങളുടെ സ്റാളുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിച്ചത് വാരാഘോഷത്തിനെത്തിയ ജര്‍മന്‍കാര്‍ക്ക് കൂടുതല്‍ ഉണര്‍വേകി.

ഉദ്ഘാടന സമ്മേളനത്തില്‍ കൊളോണ്‍ കേരള സമാജത്തിന്റെ സഹകരണം ഇത്തവണയും ശ്രദ്ധേയമായി.കേരളത്തനിമയില്‍ കേരള സമാജം ഭരണസമിതിയംഗങ്ങള്‍ ഒരുക്കിയ നാടന്‍ വെജിറ്റേറിയന്‍ ഭക്ഷണം സായാഹ്നത്തിലെ ഹൈലൈറ്റ് ആയിരുന്നു.

കൊളോണ്‍ കേരള സമാജം ഭാരവാഹികളായ ജോസ് പുതുശേരി (പ്രസിഡന്റ്), ഡേവീസ് വടക്കുംചേരി (സെക്രട്ടറി), ഷീബ കല്ലറയ്ക്കല്‍ (ട്രഷറാര്‍), പോള്‍ ചിറയത്ത്(സ്പോര്‍ട്സ് സെക്രട്ടി), ജോസ് കുമ്പിളുവേലില്‍ (കള്‍ചറല്‍ സെക്രട്ടറി), ജോസ് നെടുങ്ങാട് എന്നിവരെ കൂടാതെ ജോസ് കല്ലറയ്ക്കല്‍, മേരി പുതുശേരി, എല്‍സി വടക്കുംചേരി, സാലി ചിറയത്ത്, മോളി നെടുങ്ങാട് എന്നിവരുടെ സഹകരണം സജീവമായിരുന്നു. പരിപാടിയില്‍ നിരവധി മലയാളികളും പങ്കെടുത്തു. വാരാഘോഷം ജൂലൈ മൂന്നിനു സമാപിക്കും.