യുഎസിലെ ബാധ്യത തീര്‍ക്കാന്‍ ഫോക്സ് വാഗന്‍ 15 ബില്യന്‍ മുടക്കണം
Tuesday, June 28, 2016 8:16 AM IST
ബര്‍ലിന്‍: മലിനീകരണ തട്ടിപ്പു കേസില്‍ യുഎസിലെ കാര്‍ ഉടമകളുമായുള്ള സെറ്റില്‍മെന്റിന് ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്സ് വാഗന്‍ പതിനഞ്ച് ബില്യന്‍ ഡോളര്‍ മുടക്കണം.

തട്ടിപ്പു നടത്തിയിട്ടുള്ള കാറുകള്‍ മുഴുവന്‍ നന്നാക്കി കൊടുക്കുക, അല്ലെങ്കില്‍ തിരിച്ചെടുക്കുക എന്നതാണ് ധാരണ. ഈ തട്ടിപ്പ് ആദ്യമായി തിരിച്ചറിയപ്പെടുന്നത് യുഎസിലായിരുന്നു. ലോകത്താകമാനം ഇത്തരത്തില്‍ 11 മില്യന്‍ കാറുകള്‍ വിറ്റഴിച്ചിട്ടുള്ളതായി ഫോക്സ് വാഗന്‍ പിന്നീട് സമ്മതിക്കുകയും ചെയ്തു.

യുഎസില്‍ 475,000 വാഹനങ്ങളാണ് കമ്പനി തിരിച്ചെടുക്കുന്നത്. ഇതിനു മാത്രം 10 ബില്യന്‍ ഡോളര്‍ ചെലവാകും. പതിനായിരം ഡോളര്‍ വരെ ഇവര്‍ക്കു നഷ്ടപരിഹാരം കൂടി നല്‍കുമ്പോഴാണ് തുക 15 ബില്യനിലെത്തുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍